നെടുമങ്ങാട്: “”എന്റെ അമ്മയ്ക്ക് ലൈഫ് ഭവന പദ്ധതിയില്‍ ഒരു വീട് വയ്ക്കാന്‍ സഹായം ലഭിച്ചു. വീട് വാര്‍ത്തു കഴിഞ്ഞപ്പോള്‍ കട ബാധ്യത കൂടി. വീട് പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിനിടയില്‍ അമ്മ ഞങ്ങളെ വിട്ടുപോയി.
അപ്പൂപ്പനും അമ്മൂമ്മയുമാണ് ഇപ്പോള്‍ എന്നെ നോക്കുന്നത്. ഞങ്ങളുടെ ഈ ദുരവസ്ഥ അറിഞ്ഞ് നഗരസഭ സെക്രട്ടറി മാമനും ചെയര്‍മാനും ഞങ്ങളെ കാണാനെത്തി.
വീടിന്റെ ശേഷിച്ച പണികള്‍ തീര്‍ത്തുതരാമെന്ന് പറഞ്ഞാണ് മാമനും ചെയര്‍മാനും മടങ്ങിയത്. പിന്നീട് സെക്രട്ടറി മാമനും മുനിസിപ്പല്‍ ജീവനക്കാരും വന്ന് ഞങ്ങളുടെ വീടിന്റെ പണി തുടങ്ങി.
വീട് പണി പൂര്‍ത്തീകരിച്ച് ഗൃഹപ്രവേശനത്തിന് സജ്ജമാക്കി. നഗരസഭ അധികൃതര്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെ കൊണ്ടുവന്നാണ് ഞങ്ങള്‍ക്ക് താക്കോല്‍ നല്‍കിയത്. ഞങ്ങള്‍ക്ക് ഇപ്പോള്‍ ഒരുപാട് സന്തോഷമുണ്ട്.
വീട് പണി പൂര്‍ത്തിയാക്കി മടങ്ങാന്‍ തുടങ്ങുമ്പോള്‍ സെക്രട്ടറി മാമന് ഇനി എന്ന് വരുമെന്ന് ചോദിച്ചപ്പോള്‍ ‘മോളേ ഞാന്‍ സ്ഥലം മാറി പോകുന്നുവെന്ന’ മറുപടിയായിരുന്നു സെക്രട്ടറി സ്റ്റാലിന് നാരായണനില്‍ നിന്നു ലഭിച്ചത്.
സാര്‍, എന്നെപ്പോലുള്ള പാവപ്പെട്ട കുട്ടികള്‍ക്ക് നഗരസഭയില്‍ ഈ മാമന് ഉണ്ടായാൽ വലിയ സഹായമാണെന്നും ഈ സെക്രട്ടറി മാമനെ സ്ഥലം മാറ്റരുതെന്നും അപേക്ഷിക്കുന്നു”-
നെടുമങ്ങാട് പനച്ചമൂട് കൊല്ലിയക്കോണം പണയില്‍ വീട്ടില്‍ ഐശ്വര്യ എന്ന ഏഴാം ക്ലാസുകാരി മുഖ്യമന്ത്രിക്ക് അയച്ച കത്ത് ആണ് മുകളിൽ കൊടുത്തിരിക്കുന്നത്.
നഗരസഭ സെക്രട്ടറിയെ സ്ഥലം മാറ്റരുതെന്നാവശ്യപ്പെട്ട് ഏഴാം ക്ലാസുകാരി മുഖ്യമന്ത്രിക്കയച്ച കത്ത് ഇപ്പോൾ വൈറല്‍ ആയിരിക്കുകയാണ്.
അടച്ചുറപ്പുള്ള ഒരു വീട് വേണമെന്ന മരിച്ചുപോയ തന്റെ അമ്മയുടെ ആഗ്രഹം സഫലമാക്കിയ നഗരസഭ സെക്രട്ടറി സ്റ്റാലിന് നാരായണനെ സ്ഥലം മാറ്റരുതെന്നാണ് ഐശ്യര്യയുടെ ആവശ്യം.
അന്പരന്ന് സെക്രട്ടറി
ഐശ്വര്യയുടെ കത്തിനെക്കുറിച്ച് അറിഞ്ഞ് അമ്പരന്നിരിക്കുകയാണ് നഗരസഭ സെക്രട്ടറി സ്റ്റാലിന്. പാവപ്പെട്ടവരെ സഹായിക്കാനും കൂടുതല്‍ ആത്മാര്‍ത്ഥമായി ജോലി ചെയ്യാനും ഇത്തരം കാര്യങ്ങള്‍ തന്നെ പ്രേരിപ്പിക്കുന്നുവെന്ന് സ്റ്റാലിന് പറഞ്ഞു.
മുമ്പ് ജോലി ചെയ്തിരുന്ന സ്ഥലങ്ങളിലെല്ലാം തന്റെ മുന്നില്‍ സഹായത്തിനെത്തുന്നവര്ക്ക് ഇത്തരത്തില്‍ തന്നെക്കൊണ്ടാവുന്ന സഹായങ്ങള്‍ ചെയ്തിട്ടുണ്ടെന്നും സ്റ്റാലിന് വ്യക്തമാക്കി.
ചെറുപ്പത്തില്‍ തന്നെ പിതാവ് ഉപേക്ഷിച്ചുപോയ ഐശ്വര്യയുടെ മാതാവ് 2018ലാണ് മരിച്ചത്. ഇതോടെ ഇവരുടെ വീട് പണി പാതിവഴിയില്‍ നിലയ്ക്കുകയും ചെയ്തു. അസുഖബാധിതരായ മുത്തശ്ശിക്കും മുത്തച്ഛനുമൊപ്പമായിരുന്നു പിന്നീട് ഐശ്വര്യയും സഹോദരന് സുധീഷും കഴിഞ്ഞിരുന്നത്.
ഇവരുടെ അവസ്ഥ മനസിലാക്കിയ നഗരസഭാ ചെയര്മാന് ചെറ്റച്ചല്‍ സഹദേവനും സെക്രട്ടറി സ്റ്റാലിന് നാരായണനും വീട് പണിപൂര്‍ത്തിയാക്കാന്‍ രംഗത്തുവരികയായിരുന്നു. നഗരസഭാ സെക്രട്ടറി സ്റ്റാലിനാണ് വീട് പെയിന്റ് ചെയ്തുനല്‍കിയത്.