ബോളിവുഡ് താരങ്ങളായ അഭിഷേക് ബച്ചനും ഐശ്വര്യ റായിയും വേര്‍പിരിഞ്ഞു, മാറി താമസിക്കുകയാണ് എന്ന് തുടങ്ങി കഴിഞ്ഞ കുറച്ച് മാസങ്ങളായി നിരന്തരം വാര്‍ത്തകള്‍ വന്നു കൊണ്ടേയിരിക്കുകയാണ്. ആനന്ദ് അംബാനിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ രണ്ടുപേരും ഒരുമിച്ച് എത്താത്തത് മുതലാണ് ഗോസിപ്പികളുടെ തുടക്കം.
കുറേക്കാലമായി അഭിഷേക് ബച്ചനും ഐശ്വര്യ റായും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണെന്ന കഥകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട്. അഭിഷേകിന്റെ മാതാപിതാക്കളുമായിട്ടുള്ള പ്രശ്നങ്ങളാണ് ഐശ്വര്യ മാറി താമസിക്കാന്‍ കാരണമെന്നു തുടങ്ങി പലതരത്തിലുള്ള പ്രചരണമാണ് നടന്നിരുന്നത്. എന്നാല്‍ താന്‍ ഇപ്പോഴും വിവാഹിതനാണെന്ന് ഒരിക്കല്‍ അഭിഷേകിന് പറയേണ്ടി വന്നിരുന്നു.
എന്നിട്ടും വാര്‍ത്തകള്‍ അവസാനിച്ചില്ല. താരങ്ങള്‍ പൊതു പരിപാടികള്‍ക്ക് പ്രത്യക്ഷപ്പെടുന്നത് വളരെ കുറഞ്ഞതോടെ ഊഹപോഹങ്ങള്‍ വർധിച്ചുകൊണ്ടേയിരുന്നു. ഐശ്വര്യയോ അഭിഷേകോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്ന ചിത്രങ്ങളും ഇരുവരും പൊതു പരിപാടികളില്‍ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങളുമൊക്കെ ഇത്തരം പ്രചരണങ്ങള്‍ക്ക് കാരണമായി.
അഭിഷേക് വേറെ മറ്റൊരു നടിയുമായി അടുപ്പത്തിലാണെന്നും ഉടൻ ഇവർ വിവാഹിതരാകും എന്നു വരെ വാർച്ചകൾ പ്രചരിച്ചിരുന്നു. എന്നാലിപ്പോള്‍ ആരാധകരെ പോലും അമ്പരപ്പിച്ചുകൊണ്ട് ഒരുമിച്ച് എത്തിയിരിക്കുകയാണ് അഭിഷേകും ഐശ്വര്യയും
ഒരു പൊതു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ താരങ്ങള്‍ കാറില്‍ നിന്നും ഇറങ്ങി വരുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ഒരുമിച്ച് രണ്ട് കാറുകളിലായിട്ടാണ് അഭിഷേകും ഐശ്വര്യയും എത്തിയത്. ഇവര്‍ക്കൊപ്പം അഭിഷേകിന്റെ പിതാവും നടനുമായ അമിതാഭ് ബച്ചനും ഉണ്ടായിരുന്നു.
മുന്നിൽ വന്ന കാറില്‍ നിന്ന് ഐശ്വര്യ ഇറങ്ങിയപ്പോള്‍ അമിതാഭും അഭിഷേകും ഒരുമിച്ച് പിന്നിലെ കാറില്‍ വരികയായിരുന്നു. ശേഷം ഐശ്വര്യ കൂടി ഇവര്‍ക്കരികിലേക്ക് എത്തുകയും മൂവരും ഒരുമിച്ച് അകത്തേക്ക് കയറി പോകുന്നതുമാണ് പ്രചരിക്കുന്ന വീഡിയോയിലുള്ളത്. മാത്രമല്ല കറുപ്പ് നിറമുള്ള വസ്ത്രം ധരിച്ച് ഇരുവരും കപ്പിള്‍ ലുക്കിലാണ് എത്തിയതും.
തിരക്കിനിടയില്‍ അഭിഷേക് ഭാര്യയെ ചേര്‍ത്തു പിടിക്കുന്നതും താരങ്ങള്‍ കൈകോര്‍ത്ത് നടക്കുന്നതുമൊക്കെ വീഡിയോയില്‍ വ്യക്തമായി കാണാം. മകൾ ആരാധ്യയുടെ സ്കൂളിലെ ഒരു പരിപാടിയിൽ പങ്കെടുക്കാനാണ് 19ന് മൂവരും എത്തിയതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അരാധ്യയുടെ സ്റ്റേജ് പെർഫോമൻസ് കണ്ട് ആസ്വദിച്ച ശേഷമാണ് ഇവർ മടങ്ങിയത്. ഇതോടെ മുന്‍പു പ്രചരിച്ച വാര്‍ത്തകളിലൊന്നും യാതൊരു കഴമ്പുമില്ലെന്ന കാര്യം വ്യക്തമായിരിക്കുകയാണ്.