ചെന്നൈ: രജനികാന്ത് ഒരു സംഘിയല്ലെന്ന് അദ്ദേഹത്തിന്റെ മകളും സംവിധായകയുമായ ഐശ്വര്യ രജനികാന്ത്. സോഷ്യൽ മീഡിയകളിൽ രജനികാന്തിനെ ‘സംഘി’ എന്ന മുദ്രകുത്തുന്നത് അത്യധികം വേദനാജനകമെന്ന് ഐശ്വര്യ. ലാൽസലാം’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു അവർ.
‘പലപ്പോഴും സോഷ്യൽ മീഡിയയിൽ നിന്ന് മാറി നിൽക്കാനാണ് ശ്രമിക്കാറുള്ളത്. എങ്കിലും സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ എന്തൊക്കെയാണെന്ന് എന്റെ ടീം അറിയിക്കാറുണ്ട്. ചില പോസ്റ്റുകളും കാണിച്ചു തരാറുണ്ട്. അതെല്ലാം കാണുന്പോൾ ദേഷ്യമാണ് വരുന്നത്. സമീപകാലത്തായി ചിലർ എന്റെ അച്ഛനെ സംഘിയെന്ന് വിളിക്കുന്നുണ്ട്, എന്താണ് അതിന്റെ അർഥമെന്ന് അറിയില്ല. പ്രത്യേക രാഷ്ട്രീയ പാർട്ടിയെ പിന്തുണയ്ക്കുന്നവരെയാണ് സംഘിയെന്ന് വിളിക്കുന്നതെന്ന് ചിലരോട് ചോദിച്ചപ്പോൾ പറഞ്ഞുതന്നു. രജനികാന്ത് ഒരു സംഘിയല്ല. സംഘിയായിരുന്നെങ്കിൽ അദ്ദേഹം ‘ലാൽസലാം’ പോലെയൊരു ചിത്രം ചെയ്യില്ലായിരുന്നു. ഒരുപാട് മനുഷ്യത്വമുള്ളയാൾക്കേ ഈ ചിത്രം ചെയ്യാനാകൂ’ എന്ന് ഐശ്വര്യ രജനികാന്ത് പറഞ്ഞു.
ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്ത് വിഷ്ണു വിശാലും, വിക്രാന്തും നായകവേഷത്തിലെത്തുന്ന ചിത്രമാണ് ലാൽസലാം. രജനികാന്ത് ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നു. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരനാണ് ചിത്രം നിർമ്മിക്കുന്നത്.