ബോളിവുഡിലെ നന്പർ വണ് താരദന്പതികളായ അഭിഷേക് ബച്ചനും ഐശ്വര്യ റായിയും ഒരുമിച്ചെത്തുന്നതിനായി കാത്തിരിക്കുകയാണ് ആരാധകർ. എന്നാൽ അത് ഉടനെയൊന്നും സംഭവിക്കില്ലായെന്നു റിപ്പോർട്ടുകൾ. മണിരത്നം ചിത്രമായ ഗുരുവിൽ അഭിനയിക്കുന്നതിനിടയിലാണ് ഇരുവരും പ്രണയത്തിലായതും പിന്നീട് ആ പ്രണയം വിവാഹത്തിൽ കലാശിച്ചതും. സ്ക്രീനിലെ കെമിസ്ട്രി ജീവിതത്തിലും ആവർത്തിച്ച് മുന്നേറുന്ന ദന്പതികൾ പപ്പരാസികളുടെ ഇഷ്ട താരങ്ങളാണ്. ഇരുവരും വേർപിരിഞ്ഞുവെന്ന തരത്തിൽ വരെ വാർത്തകൾ പ്രചരിച്ചിരുന്നു.
എന്നാൽ ഇതൊന്നും ഇവരെ ബാധിക്കുന്നില്ല. മകൾ ആരാധ്യയുടെ ജനനത്തിന് ശേഷം ഐശ്വര്യ സിനിമയിൽ നിന്നും മാറി നിന്നിരുന്നു. ഫെന്നി ഖാൻ ചിത്രത്തിലൂടെ താരം ശക്തമായ തിരിച്ചുവരവ് നടത്തുകയാണ്. അതിനിടെ സഞ്ജയ് ലീല ബൻസാലിയുടെ പുതിയ ചിത്രത്തിൽ അഭിഷേകിന്റെ നായികയാവാൻ ആഷ് വിസമ്മതിച്ചുവെന്ന തരത്തിലുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്.
പത്മാവതിക്ക് ശേഷം സഞ്ജയ് ലീലാബൻസാലി ഒരുക്കുന്ന ചിത്രത്തിൽ അഭിഷേക് ബച്ചനാണ് നായകനായെത്തുന്നത്. അമൃത പ്രീതംസാഹിർ ലുധിയാൻവിയെക്കുറിച്ചാണ് ചിത്രം പറയുന്നത്. അഭിഷേകിന്റെ നായികയാവുന്നതിനായി സംവിധായകൻ ആദ്യം പരിഗണിച്ചിരുന്നത് പ്രിയങ്ക ചോപ്രയെയായിരുന്നു.
എന്നാൽ താരം ഇതിന് വിസമ്മതിച്ചതോടെയാണ് ഐശ്വര്യയെ സമീപിച്ചത്.സാഹിത്യകാരിയായ അമൃത പ്രീതത്തെ അവതരിപ്പിക്കാൻ ഐശ്വര്യക്കും താൽപര്യമില്ലെന്ന് വന്നതോടെയാണ് അഭിഷേകിന്റെ നായികയായി ദീപിക പദുക്കോണിനെ പരിഗണിച്ചത്. ചിത്രത്തിൽ അഭിഷേകിന്റെ നായികയായി അഭിനയിക്കാൻ ദീപിക സമ്മതം മൂളിയെന്നാണ് പുതിയ വിവരം.സഞ്ജയ് ലീലബൻസാലിക്കൊപ്പമുള്ള നാലാമത്തെ ചിത്രമാണ് ഇത്.
പുതിയ സിനിമയിൽ അഭിനയിക്കുന്നതിന് മുന്നോടിയായുള്ള തയാറെടുപ്പുകളിലാണ് അഭിഷേക് ബച്ചൻ. മുൻപ് ഈ സിനിമയിൽ നായകനായി പരിഗണിച്ചിരുന്നത് ഷാരൂഖ് ഖാനെയായിരുന്നു. എന്നാൽ സമയക്കുറവ് കാരണം അദ്ദേഹം ചിത്രം ഏറ്റെടുത്തില്ല. ഫെന്നി ഖാൻ ചിത്രത്തിൽ അഭിനയിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ഐശ്വര്യ ഇപ്പോൾ. ചെറിയ ഇടവേളയ്ക്ക് ശേഷം സിനിമയിൽ സജീവമാവുന്ന താരത്തിന് നിരവധി അവസരങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.