ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത വിക്രത്തിന്റെ ധ്രുവനച്ചത്തിരം വർഷങ്ങളായി പെട്ടിയിലായിരുന്നു. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ത്രില്ലർ സിനിമ സാമ്പത്തിക പ്രതിസന്ധിയെ തുടർന്നായിരുന്നു മുന്നോട്ട് പോകാതിരുന്നത്. എ
ന്നാലിപ്പോൾ സിനിമ റിലീസിനൊരുങ്ങുകയാണ്. എന്നാൽ ചിത്രത്തിന്റെ റിലീസ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ചിത്രത്തിലെ ആദ്യ ഗാനമെത്തി വർഷങ്ങൾക്ക് ശേഷം ജൂലൈ 19 നാണ് ചിത്രത്തിലെ രണ്ടാമത്തെ പാട്ടെത്തിയത്. ഒരു മാനം എന്ന് തുടങ്ങുന്ന ചിത്രത്തിലെ ഗാനം മുൻപ് പുറത്തുവന്നിരുന്നു.
ഋതു വർമയെയും ഐശ്വര്യ രാജേഷിനെയും ഈ പാട്ട് രംഗത്തിൽ കാണിച്ചിരുന്നു. എന്നാൽ ചിത്രത്തിന്റെ നിലവിലെ എഡിറ്റിംഗിൽ ഐശ്വര്യ രാജേഷ് ഉൾപ്പെട്ട മുഴുവൻ ഭാഗങ്ങളും നീക്കം ചെയ്തുവെന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്.
കഴിഞ്ഞ ദിവസം ചിത്രത്തിന്റേതായി പുറത്തുവന്ന രണ്ടാമത്തെ ഗാനത്തിൽ അഭിനേതാക്കളുടെ പട്ടികയിൽ ഐശ്വര്യയുടെ പേര് ഉൾപ്പെടുത്തിയിട്ടില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
2016 ലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയത്. ഐശ്വര്യ അഭിനയിച്ച ചിത്രത്തിലെ ആദ്യ ഗാനവും യൂട്യൂബിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
വിക്രമിന്റെ ഡേറ്റ് ലഭിക്കാത്തതിനാൽ തിരക്കഥ പ്രകാരം സിനിമ പൂർത്തിയാക്കാനായിട്ടില്ലെന്നും കൂടുതൽ സങ്കീർണതകൾ ഒഴിവാക്കാനായാണ് ഐശ്വര്യ അവതരിപ്പിച്ച കഥാപാത്രത്തെ നീക്കം ചെയ്തതെന്നും ചില റിപ്പോർട്ടുകൾ പറയുന്നു.
എന്നാൽ ഇക്കാര്യത്തിൽ സിനിമയുടെ അണിയറപ്രവർത്തകർക്കിടയിൽനിന്നും സ്ഥിരീകരണമൊന്നും വന്നിട്ടില്ല. ഹിസ് നെയിം ഈസ് ജോൺ എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
പാൽ ഡബ്ബയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഹാരിസ് ജയരാജാണ് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്.കഴിഞ്ഞ ദിവസം പുറത്തുവന്ന ഈ പാട്ട് സോഷ്യൽ മീഡിയയിൽ ഹിറ്റാവുകയും ചെയ്തിരുന്നു.
പാർഥിപൻ, രാധിക ശരത്കുമാർ, സിമ്രാൻ, വിനായകൻ, ദിവ്യ ദർശിനി, മുന്ന സൈമൺ, വംശി കൃഷ്ണ, സലിം ബെയ്ഗ്, സതീഷ് കൃഷ്ണൻ, മായ എസ് കൃഷ്ണൻ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. ഏറെനാൾ മുൻപേ ചിത്രം പൂർത്തിയായെങ്കിലും റിലീസ് നീണ്ടു പോവുകയായിരുന്നു.