അംബേദ്കർ കോളനിയിൽ അഭ്യസ്തവിദ്യരായവർക്ക് തൊഴിൽ നല്കണമെന്നും മുതലമട പഞ്ചായത്തിലുള്ള നാലു ഫാക്ടറികളിൽ ഒരു തൊഴിൽപോലും കോളനിനിവാസികൾക്കു നല്കിയിട്ടില്ലെന്നു ഭൂഅധികാര സംരക്ഷണസമിതി അധ്യക്ഷൻ ഗീതാനന്ദൻ അഭിപ്രായപ്പെട്ടു.
ഇന്നലെ അംബേദ്കർ കോളനിയിലെ ചക്കിലിയ സമുദായ വീടുകൾ സന്ദർശിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ കുടുംബങ്ങൾക്കും കൃഷിഭൂമി നല്കി പുനരധിവസിപ്പിക്കണം. പട്ടികജാതിക്കാർക്കെതിരേയുള്ള അക്രമം തടയാൻ പൗരാവകാശ നിയമപ്രകാരമുള്ള കേസെടുക്കണം.
അംബേദ്കർ കോളനിയിൽ ചക്കിലിയ സമുദായങ്ങൾക്കുനേരെയുള്ള അക്രമം സംബന്ധിച്ച് ഹൈക്കോടതിയിൽ നടക്കുന്ന കേസിൽ കക്ഷിചേരും. കോളനിയിലുള്ള മൂന്നു ചായക്കടകളിൽ പിന്നോക്ക സമുദായക്കാരെ പ്രവേശിക്കാറില്ലെന്നും 2004 മുതൽ അയിത്താചാരണം ഇവിടെ കാണപ്പെടുന്നുണ്ടെന്നും ഗീതാനന്ദൻ വ്യക്തമാക്കി.