നായികയാകാനുള്ള സൗന്ദര്യമില്ലെന്ന് പറഞ്ഞു പലരും തന്നെ മാറ്റി നിർത്തിയിട്ടുണ്ടെന്ന് നടി ഐശ്വര്യ രാജേഷ്. ജോമോന്റെ സുവിശേഷങ്ങൾ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനം കവർന്ന പ്രിയ നായികയാണ് സൗന്ദര്യത്തിന്റെ പേരിൽ പലയിടത്തു നിന്നും ഒഴിവാക്കപ്പെട്ട അനുഭവങ്ങളുണ്ടായിട്ടുണ്ടെന്ന് പറയുന്നത്.
എന്റെ കരിയർ ആരംഭിച്ചപ്പോൾ ഒരുപാടു നല്ല ചിത്രങ്ങൾ തേടിയെത്തി. എന്നാൽ നായികയാകാനുള്ള സൗന്ദര്യമില്ലെന്ന് പറഞ്ഞു പലരു മാറ്റി നിർത്തി. എനിക്ക് ഇരുണ്ട നിറമാണുള്ളത്. നായികമാർ വെളുത്തിരിക്കണം എന്ന ബോധം വച്ചു പുലർത്തുന്നവരാണ് അങ്ങനെ പറഞ്ഞത്. അവർക്കു മുന്നിൽ ജയിച്ചു കാണിക്കണമായിരുന്നു. അതിനാലാണു സിനിമയെ ഗൗരവമായിത്തന്നെ എടുത്തതെന്ന് ഐശ്വര്യ പറഞ്ഞു.
കാക്കമുട്ടൈ എന്ന ചിത്രത്തിലൂടെ ദേശീയ തലത്തിലും ശ്രദ്ധയായ താരത്തിന് ഇപ്പോൾ വിവിധ ഭാഷകളിലായി കൈനിറയെ ചിത്രങ്ങളാണ്. മുൻനിര സംവിധായകരുടെ ചിത്രങ്ങളിൽ നായികയായി തിളങ്ങിയും ഐശ്വര്യ പഴയ വാശി തീർക്കുകയാണ്. മലയാളത്തിൽ ജോമോനു ശേഷം നിവിന്റെ നായികയായി സഖാവിലും ഐശ്വര്യ എത്തുന്നു. ചെറുപ്രായത്തിന് പുറമേ 65 വയസുകാരിയായും ഐശ്വര്യ ഇതിൽ അഭിനയിക്കുന്നുണ്ട്.