മാഡ്രിഡ്: ഒരാഴ്ചയ്ക്കിടെ ഒരിക്കല്‍ക്കൂടി റയല്‍ മാഡ്രിഡ് സ്വന്തം ഗ്രൗണ്ടില്‍ തകര്‍ന്നടിഞ്ഞു. ഈ സീസണിലെ ഏക പ്രതീക്ഷയായിരുന്ന യുവേഫ ചാമ്പ്യന്‍സ് ലീഗില്‍നിന്ന് റയല്‍ മാഡ്രിഡ് പുറത്തായി. കഴിഞ്ഞ മൂന്നു സീസണിലും ചാമ്പ്യന്‍സ് ലീഗ് കിരീടം നിലനിര്‍ത്തിപ്പോന്ന, ഏറ്റവും അധികം തവണ ചാന്പ്യൻസ് ലീഗ് സ്വന്തമാക്കിയ റയലിനെ അയാക്സ് ആംസ്റ്റര്‍ഡാം തകർത്തെറിഞ്ഞു.
ആദ്യ പാദത്തില്‍ 2-1ന് തോറ്റ അയാക്സ് രണ്ടാം പാദത്തില്‍ റയലിനെ 4-1ന് കീഴടക്കി ക്വാര്‍ട്ടറിലേക്ക് മുന്നേറി. ചാമ്പ്യന്‍സ് ലീഗില്‍ സ്വന്തം ഗ്രൗണ്ടിലെ റയലിന്റെ ഏറ്റവും വലിയ തോല്‍വിയാണ്. ഇരുപാദങ്ങളിലുമായി അയാക്സിന് 5-3ന്റെ ജയം. അയാക്സിന്റെ ആദ്യ പതിനൊന്നംഗ ടീമിലെ ആറ് പേരും 22 വയസിൽ താഴെയുള്ളവരായിരുന്നു.
സാന്റിയാഗോ ബര്‍ണാബുവില്‍ റയലിന്റെ തുടര്‍ച്ചയായ നാലാം തോല്‍വിയാണ്. കഴിഞ്ഞയാഴ്ച രണ്ട് എല്‍ ക്ലാസിക്കോയില്‍ ബാഴ്സലോണയോടും അതിനു മുമ്പ് ജിറോണയോടും തോറ്റു.
22 വര്‍ഷത്തിനുശേഷം ആദ്യമായാണ് നെതര്‍ലന്‍ഡ്സ് ക്ലബ് നോക്കൗട്ട് കടക്കുന്നത്. രണ്ടു ഗോളിനു വഴിയൊരുക്കുകയും ഒരു ഗോള്‍ നേടുകയും ചെയ്ത ഫോര്‍വേഡ് ഡുസാന്‍ ടാഡികിന്റെ പ്രകടനമാണ് അയ്കാസിനു ചരിത്രജയത്തിന് വഴിയൊരുക്കിയത്. ആദ്യ 18 മിനിറ്റില്‍ അയാക്സിന്റെ ഗോളുകള്‍ നേടിയ ഹക്കിം സിയെച്ചിനും (അഞ്ചാം മിനിറ്റ്) ഡേവിഡ് നെരേസിനും (17-ാം മിനിറ്റ്) വഴിയൊരുക്കിയത് ടാഡിക്കായിരുന്നു.
62-ാം മിനിറ്റില്‍ ടാഡിക് മികച്ചൊരു ഗോള്‍ നേടുകയും ചെയ്തു. 70-ാം മിനിറ്റില്‍ പകരക്കാരനായ മാര്‍കോ അസെന്‍സിയോയിലൂടെ ഒരു ഗോള്‍ മടക്കി റയല്‍ തിരിച്ചുവരാന്‍ ശ്രമിച്ചു. എന്നാല്‍, റയലിന്റെ ഈ മോഹവും തകര്‍ത്തുകൊണ്ട് അയാക്സ് നാലാം തവണയും വലകുലുക്കി. 72-ാം മിനിറ്റിൽ ലാസിസ് ഹോണിന്റെ ഫ്രീകിക്കില്‍നിന്നായിരുന്നു നാലാം ഗോള്‍.
ഇഞ്ചുറി ടൈമില്‍ രണ്ടാം മഞ്ഞകാര്‍ഡ് കണ്ട് റയലിന്റെ നാച്ചോ പുറത്തായി. ചാമ്പ്യന്‍സ് ലീഗില്‍ ആദ്യ പാദ ഹോം മത്സരത്തില്‍ 2-1ന് തോറ്റശേഷം തിരിച്ചടിച്ച് ജയിക്കുന്ന ആദ്യ ടീമാണ് അയാക്സ്.
ആദ്യ പാദത്തില്‍ മനഃപൂര്‍വമുള്ള ഫൗളില്‍ മഞ്ഞകാര്‍ഡ് കണ്ട നായകന് സെര്‍ജിയോ റാമോസ് ഇല്ലാതെയാണ് റയല്‍ ഇറങ്ങിയത്. റാമോസിന്റെ അഭാവം റയലിന്റെ പ്രതിരോധത്തില്‍ ബാധിക്കുകയും ചെയ്തു. ആദ്യ പകുതിയില്‍തന്നെ സൊളാരിക്ക് രണ്ട് മാറ്റങ്ങള്‍ വരുത്തേണ്ടിവന്നു.
ഗാരത് ബെയ്ലിനെ ആദ്യ ഇലവണില്‍ ഉള്‍പ്പെടുത്താതെയാണ് റയല്‍ ഇറങ്ങിയത്. 29-ാം മിനിറ്റില്‍ ലൂകാസ് വാസ്ക്വസിന്റെ പരിക്കിനെത്തുടര്‍ന്ന് ബെയ്ൽ ഇറങ്ങി. 35-ാം മിനിറ്റില്‍ വിനിഷ്യസ് ജൂണിയറിനു പകരം അസെന്‍സിയോയും.