കോഴിക്കോട്: അയ്യപ്പ ജ്യോതിയില്‍ പങ്കെടുത്തവര്‍ക്കെതിരേയുള്ള പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ബിജെപി. എല്ലാ നിയമങ്ങളും ദുരുപയോഗം ചെയ്യുകയാണെന്നും അതിനെതിരായി ശക്തമായി ബിജെപി രംഗത്തിറങ്ങുമെന്നും സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള “രാഷ്ട്ര ദീപിക’യോടു പറഞ്ഞു.
രണ്ടുതരം നീതിയാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. ശബരിമലയെ പിന്താങ്ങുന്ന വിശ്വാസികള്‍ രണ്ടാം തരം പൗരന്മാരായി മാറുകയാണ്. ഇത്തരം നടപടികള്‍ അപകടം ക്ഷണിച്ചുവരുത്തും. ജനങ്ങള്‍ രണ്ടു തട്ടിലാണെന്ന തോന്നലുണ്ടാക്കുന്ന നടപടികളാണിത്. കേരളത്തെ നശിപ്പിക്കാന്‍ കച്ചകെട്ടിയിറങ്ങിയ ഭരണകൂടമാണിന്നുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഈ മാസം 26 നു നടന്ന അയ്യപ്പജ്യോതിയില്‍ പങ്കെടുത്ത ബിജെപി സംസ്ഥാന നേതാക്കളുള്‍പ്പെടെ 1500 ലേറെ പേര്‍ക്കെതിരേ പോലീസ് കേസെടുത്തിരുന്നു. മാര്‍ഗതടസം സൃഷ്ടിക്കല്‍ , അനധികൃതമായി സംഘം ചേരല്‍ തുടങ്ങി വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
മുമ്പ് നാമജപ ഘോഷയാത്രയുടെ പേരിലും പോലീസ് വ്യാപകമായി കേസെടുത്തിരുന്നു. ഇതിനെതിരേ ശകത്മായ പ്രതിഷേധമായിരുന്നു ഉയര്‍ന്നത്. തുടര്‍ന്ന് സ്ത്രീകളുള്‍പ്പെടെ നാമജപഘോഷയാത്രയില്‍ പങ്കെടുത്തവര്‍ക്കെതിരേയുള്ള നടപടികള്‍ അവസാനിപ്പിക്കുകയായിരുന്നു.