പന്തളം: എൻഡിഎ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ശബരിമല സംരക്ഷണയാത്രയ്ക്ക് പന്തളത്ത് തുടക്കമായി. ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻപിള്ളയാണ് യാത്ര നയിക്കുന്നത്. ഇന്ന് രാവിലെ പന്തളം മണികണ്ഠനാൽത്തറയിൽ നിന്നാണ് യാത്ര തുടങ്ങിയത്.
ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, പന്തളം കൊട്ടാരം നിർവാഹകസംഘം ഭാരവാഹികൾ, തിരുവാഭരണ പേടകവാഹകസംഘം ഗുരുസ്വാമിമാർ, തലപ്പാറ മൂപ്പൻ, ബിജെപി സംസ്ഥാന ഭാരവാഹികൾ, സംഘടനാ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കുന്നുണ്ട്.
ഇന്ന് വൈകുന്നേരത്തോടെ അടൂരിലെത്തും. നൂറനാട് പടനിലം, കായംകുളം, ചവറ, കൊല്ലം, കൊട്ടിയം, ആറ്റിങ്ങൽ, കഴക്കൂട്ടം എന്നിവിടങ്ങളിലൂടെ 15ന് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് നടയിലെത്തി സമാപിക്കും.
ലോങ് മാർച്ചിനൊപ്പം: തുഷാർ വെള്ളാപ്പള്ളി
പത്തനംതിട്ട:ലോങ് മാർച്ചിൽ ബിഡിജെഎസ് സജീവമായി പങ്കെടുക്കുന്നുണ്ട്. ഇത് വിശ്വാസികളുടെ പ്രശ്നമാണ്. എൻഡിഎയും പാർട്ടിയും വിശ്വാസികൾക്കൊപ്പമാണ്. കോടതി വിധിയെ മറികടക്കാൻ കേന്ദ്ര സർക്കാർ നിയമ നിർമാണം നടത്തണം. ഇതിനായി സംസ്ഥാന സർക്കാർ ആവശ്യമുന്നയിക്കുകയും സർക്കാർ വിശ്വാസികളുടെ വികാരത്തെ മാനിക്കണമെന്നും ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.
ശബരിമല വിധിയിൽ വിശ്വാസികൾ തെരുവിലിറങ്ങുന്നതിനെ വിമർശിച്ച് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തിയിരുന്നു. സർക്കാർ നിലപാടിനെ പ്രശംസിക്കുകയും ചെയ്തിരുന്നു. വേണ്ടത്ര കൂടിയാലോചന ഇല്ലാതെ എൻഡിഎ സമരമുഖത്തേക്ക് ഇറങ്ങിയതിനേയാണ് വെള്ളാപ്പള്ളി നടേശൻ വിമർശിച്ചതെന്ന് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു