കോട്ടയം: കൊറോണ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ഇതിനെതിരേ പലതരത്തിലുള്ള ബോധവത്കരണ പരിപാടികളുമായി നിരവധിപേർ സമൂഹമാധ്യമങ്ങളിലുൾപ്പെടെ സജീവമാണ്. സംഗീതം, നൃത്തം, ചിത്രങ്ങൾ, കാർട്ടൂൺ തുടങ്ങി തങ്ങളാൽ കഴിയുന്ന എല്ലാ മാധ്യമങ്ങളും ഇവർ കൊറോണ പ്രതിരോധത്തിനായി പ്രയോജനപ്പെടുത്തുന്നു.
ഒരു കൂട്ടം യുവാക്കളുടെ ഇത്തരത്തിലുള്ള ഒരു ശ്രമമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. അജിത്ത് നായകനായെത്തിയ വിശ്വാസം എന്ന തമിഴ് ചിത്രത്തിലെ സൂപ്പർ ഹിറ്റ് ഗാനമായ കണ്ണാന കണ്ണേ… കണ്ണാന കണ്ണേ… എൻ മീത് സായ വാ… എന്ന ഗാനത്തിന്റെ ട്യൂണിലാണ് ഇവർ കൊറോണ ബോധവത്ക്കരണത്തിനായി ഒരു മലയാള (പാരഡി) ഗാനവുമായെത്തിയിരിക്കുന്നത് .
ഇതാണ് കേരളം… നാം ഒന്നാണ്… നമ്മൾ തോക്കില്ല… എന്നു തുടങ്ങുന്ന ജാഗ്രത മ്യൂസിക്കൽ ആൽബം സമൂഹമാധ്യമങ്ങളിലൂടെ മലയാളികൾ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. സതീഷ് കൈനടി രചന നിർവഹിച്ചിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് പ്രഫഷണൽ ഗാനമേള രംഗത്ത് സജീവമായ കലാഭവൻ അയ്യപ്പദാസ് ആണ്.
കലാഭവൻ രാകേഷാണ് ദൃശ്യങ്ങൾ ഗാനത്തിന്റെ റിക്കാർഡിംഗും വീഡിയോ എഡിറ്റിംഗും നടത്തിയത്. എല്ലാവരും അവരാൽ കഴിയുന്ന രീതിയിൽ കൊറോണയ്ക്കെതിരേയുള്ള ബോധവത്കരണം നടത്തിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഞങ്ങൾ കലാകാരന്മാരാൽ കഴിയുന്ന രീതിയിൽ ഒരു എളിയ ശ്രമമാണ് ഈ സംഗീത ആൽബം- അയ്യപ്പദാസ് പറഞ്ഞു.
ഈ ആൽബത്തിനു വേണ്ട പൂർണ പിന്തുണ നൽകി മണർകാട് സിവിൽ പോലീസ് ഓഫീസർ ഐ.കെ. സുബാഷ് ഒപ്പം നിന്നത് വലിയ ആത്മവിശ്വാസം പകർന്നു എന്ന് അണിയറപ്രവർത്തകർ പറയുന്നു. അദ്ദേഹമാണ് വീഡിയോയ്ക്ക് ആവശ്യമായ പോലീസ് ചിത്രങ്ങൾ ശേഖരിച്ചു നൽകിയതെന്നും അയ്യപ്പദാസ് പറഞ്ഞു.