പയ്യന്നൂര്‍: അയ്യപ്പ ജ്യോതി തെളിക്കലുമായി ബന്ധപ്പെട്ടു പെരുമ്പയിലുണ്ടായ അക്രമത്തില്‍ സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ 40 പേര്‍ക്കെതിരേ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. അയ്യപ്പ സേവാസംഘം കണ്ണൂര്‍ ജില്ലാ ഭാരവാഹി കാങ്കോല്‍ കരിങ്കുഴിയിലെ വി.വി.രാമചന്ദ്രന്റെ പരാതിയിലാണു കണ്ടാലറിയാവുന്ന നാല്പതോളം പേര്‍ക്കെതിരെ കേസെടുത്തത്.
ഇന്നലെ പെരുമ്പയില്‍ നടന്ന അയ്യപ്പ ജ്യോതിയുടെ ചടങ്ങ് അലങ്കോലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ ദീപം തട്ടിക്കളയുകയും രാമചന്ദ്രനേയും ബിജെപി പയ്യന്നൂര്‍ മുന്‍സിപ്പല്‍ ജനറല്‍ സെക്രട്ടറി കുമാരനേയും അടിച്ചും ചവിട്ടിയും പരിക്കേല്പിച്ചുവെന്നുമാണു രാമചന്ദ്രന് നല്കിയ പരാതിയിലുള്ളത്.
വനിതാ മതിലിന്റെ ഭാഗമായി നൂറോളം യുവതികള്‍ ഇരുചക്രവാഹനങ്ങളിലായി കടന്നുപോയതിനു പിന്നാലെയെത്തിയ 40 പേരോളം വരുന്ന സംഘമാണ് ഇരുവരേയും മര്‍ദിച്ചതെന്നാണു പരാതി. പരിക്കേറ്റ ഇരുവരേയും തളിപ്പറമ്പ് ലൂര്‍ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഈ പരാതിയിലാണു പയ്യന്നൂര്‍ പോലീസ് കേസെടുത്തത്.
ശബരിമല കര്‍മസമിതിയുടെ ആഹ്വാന പ്രകാരം ഇന്നലെ അയ്യപ്പ ജ്യോതി തെളിയിക്കലുമായി ബന്ധപ്പെട്ടു ജില്ലാ അതിര്‍ത്തിയായ കരിവെള്ളൂര്‍ ആണൂരിലും പാലത്തറ, കണ്ടോത്ത്, പെരുമ്പ എന്നിവിടങ്ങളിലും സംഘര്‍ഷമുണ്ടായിരുന്നു. സംഘടിച്ചെത്തിയവര്‍ അയ്യപ്പ ജ്യോതി തെളിയിക്കല്‍ തടഞ്ഞു.
കാഞ്ഞങ്ങാട് ഭാഗങ്ങളില്‍നിന്നും പ്രവര്‍ത്തകരെ കൊണ്ടുവന്ന ആറു ബസുകള്‍ക്കു നേരെയാണ് ആണൂരും പാലത്തറയിലും വച്ച് ആക്രമണമുണ്ടായത്. കല്ലേറില്‍ ബസുകളുടെ ചില്ലുകള്‍ തകര്‍ന്നു. ഉന്തിനും തള്ളിലും പോലീസുകാർക്കും അയ്യപ്പജ്യോതി തെളിയിക്കാനെത്തിയ സ്ത്രീകളുള്‍പ്പെടെയുള്ള നിരവധിപേര്‍ക്കും പരിക്കേറ്റു.
പയ്യന്നൂര്‍ എസ്ഐ കെ.പി ഷൈനിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ ഇടപെടലാണു സംഘര്‍ഷാവസ്ഥക്ക് അയവുണ്ടാക്കിയത്. അക്രമത്തില്‍ പരിക്കേറ്റ രണ്ടുപേരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും നാലു പേരെ പയ്യന്നൂരിലേയും മൂന്നു പേരെ ചെറുപുഴയിലേയും സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.
ആണൂരില്‍ തുടങ്ങിയ അക്രമം കണ്ടോത്തേക്കും പെരുമ്പയിലേക്കും വ്യാപിക്കുകയായിരുന്നു. രണ്ടു സ്ഥലത്തും അനൗണ്‍സമെന്റ് വാഹനങ്ങള്‍ക്കു നേരെയും ആക്രമണമുണ്ടായി. ഒരു ട്രക്കറിന്റെ ഗ്ലാസ് കല്ലേറില്‍ തകര്‍ന്നു.വിവരമറിഞ്ഞു തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസെത്തിയാണു സംഘര്‍ഷത്തിന് അയവ് വരുത്തിയത്.
സംഘര്‍ഷം വ്യാപിക്കാതിരിക്കാന്‍ രാത്രികാല പട്രോളിംഗ് ശക്തമാക്കിയിരുന്നു. പരാതികള്‍ വരുന്ന മുറയ്ക്കു കൂടുതല്‍ പേര്‍ക്കെതിരെ കേസെടുക്കുമെന്നു പയ്യന്നൂര്‍ എസ്ഐ കെ.പി.ഷൈന്‍ പറഞ്ഞു.