നിലമ്പൂര്‍: കഴിഞ്ഞ ദിവസം നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ച മാവോയിസ്റ്റ് പ്രവർത്തകൻ അയ്യപ്പന്റെ തുടക്കം ചെന്നൈ കോയമേട് മാർക്കറ്റിൽ ചുമട്ടുതൊഴിലാളിയായിട്ടായിരുന്നുവെന്ന് സൂചന. പാർട്ടിയുടെ നിർദേശമനുസരിച്ചാണ് ചുമട്ടുതൊഴിലാളിയുടെ വേഷമണിഞ്ഞത്. പ്ലസ്ടു പൂർത്തിയാക്കിയതിനു ശേഷം ഇലക്ട്രോണിക്സ് എൻജിനീയറിംഗിൽ ഡിപ്ലോാമ നേടിയിട്ടാണ് അയ്യപ്പൻ ബിഎസ്സി മാത്സ് പ്രധാനവിഷയമായി പഠിച്ച് ബിരുദവും നേടിയത്.
പാർട്ടിയുടെ കേഡർ പ്രവർത്തകനായാണ് അയ്യപ്പൻ അറിയപ്പെടുന്നത്. എന്നാൽ കരുളായി വനമേഖലയിൽ ഇയാൾ വന്നിട്ട് ആറുമാസമായിട്ടുള്ളുവെന്നാണ് പോലീസിന്റെ ചോദ്യം ചെയ്യലിൽ പറഞ്ഞത്. സംഘത്തിലുള്ള അക്ബർ എന്ന മാവോയിസ്റ്റുകളുടെ വക്താവ് സോമനാണെന്നും അയ്യപ്പൻ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. മണ്ണള ആദിവാസി കോളനിയിൽ വന്ന മാവോയിസ്റ്റുകളുടെ കൂട്ടത്തിൽ അയ്യപ്പൻ ഉണ്ടായിരുന്നുവെന്ന പോലീസ് കേസ് അയ്യപ്പന്റെ പേരിൽ ഉണ്ട്.
സർക്കാർ വിരുദ്ധ പ്രവർത്തനങ്ങൾക്ക് കോളനി നിവാസികളെ പ്രേരിപ്പിച്ചതും മാവോയിസ്റ്റ് ലഘുലേഖകൾ വിതരണം ചെയ്തതും ജനങ്ങളെ സമരത്തിന് ആഹ്വാനം ചെയ്തതും അയ്യപ്പന്റെ പേരിലുള്ള കുറ്റങ്ങളാണ്. തമിഴ്നാട്ടിൽ ചില സ്ഥലങ്ങളിൽ ഇയാൾ യോഗങ്ങളിൽ പങ്കെടുത്തിട്ടുണ്ടെന്ന കാഴ്ചപ്പാടിൽ തമിഴ്നാട്ടിൽ അത്തരം ചിലയിടങ്ങളിൽ ഇയാളെ കൊണ്ടുപോയി തെളിവെടുപ്പിന് സാധ്യതയുണ്ട്. ഇന്നലെ ഇന്റലിജന്റസ് വിഭാഗം അയ്യപ്പനെ ചോദ്യം ചെയ്തു. വൈകുന്നേരത്തോടെ ഇയാളെ സ്വദേശമായ വിരുതു നഗറിലേക്ക് കൂടുതൽ അന്വേഷണങ്ങൾക്കായി കൊണ്ടുപോയിട്ടുണ്ട്. ഏഴുദിവസമാണ് പോലീസ് കസ്റ്റഡിയിൽ ലഭിച്ചിട്ടുള്ളത്.