തൃപ്പൂണിത്തുറ: പട്ടാപ്പകൽ വീടിന്റെ വാതിൽ പൊളിച്ച് സ്വർണവും പണവും കവർന്ന മോഷ്ടാവിനെ പോലീസ് സാഹസികമായി പിടികൂടി.
തമിഴ്നാട് തിരുനെൽവേലി നീലിയനൂർ ഗ്രാമം ഒറ്റവീട്ടിൽ അയ്യപ്പൻ (43) നെയാണ് ഹിൽപാലസ് പോലീസ് പിടികൂടിയത്. സിസിടിവി ദൃശ്യങ്ങളിൽ കണ്ട മോഷ്ടാവിന്റെ രൂപസാദൃശ്യം നോക്കി നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാളെ പിടികൂടിയത്.
തൃപ്പൂണിത്തുറ എൻഎസ്എസ് കോളജിന് സമീപം ഇളമന റോഡിൽ കർണാടക സ്വദേശി ആനന്ദ് ഹെഗ്ഡെയും കുടുംബവും വാടകയ്ക്ക് താമസിക്കുന്ന വർമ്മ നിവാസിൽ നടന്ന കവർച്ചയിലാണ് ഇയാളെ തിരുട്ട് ഗ്രാമത്തിൽനിന്ന് തൃപ്പൂണിത്തുറ പോലീസ് പിടികൂടിയത്.
ഫാർമസ്യൂട്ടിക്കൽ കമ്പനി ജീവനക്കാരനായ ആനന്ദ് ഹെഗ്ഡെയും തൃപ്പൂണിത്തുറയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഭാര്യ വിജയ ലക്ഷ്മിയും ജോലിക്കു പോയിരിക്കുന്ന സമയത്ത് പൂട്ടിയിട്ട വീടിന്റെ അടുക്കള വാതിൽ തകർത്ത് അകത്തുകടന്ന് അലമാരയുടെ പൂട്ട് തകർത്താണ് പന്ത്രണ്ട് പവൻ സ്വർണവും പണവും കവർച്ച ചെയ്തത്.
പിടിയിലായ അയ്യപ്പൻ ഇതിന് മുൻപ് 2014 ൽ കോട്ടയത്ത് പാലായിലെ വീട്ടിൽനിന്നും കവർച്ച നടത്തിയ കേസിൽ അറസ്റ്റിലായി ജയിൽ ശിക്ഷ അനുഭവിച്ചയാളാണ്.