ക്യാപ്റ്റന്റെ കളി കെട്ടഴിച്ച ശ്രേയസ് അയ്യർ മുന്നിൽനിന്ന് നയിച്ചപ്പോൾ ഡൽഹി ക്യാപ്പിറ്റൽസിന് ഐപിഎൽ ട്വന്റി-20യിൽ ആറാം ജയം. കിംഗ്സ് ഇലവൻ പഞ്ചാബിനെ രണ്ട് പന്ത് ബാക്കിനിൽക്കേ അഞ്ച് വിക്കറ്റിനാണ് ഡൽഹി കീഴടക്കിയത്.
49 പന്തിൽ 58 റണ്‍സുമായി പുറത്താകാതെനിന്ന ശ്രേയസ് അയ്യറാണ് ക്യാപ്പിറ്റൽസിനു ജയമൊരുക്കിയത്. ഡൽഹിക്കായി ഓപ്പണർ ശിഖർ ധവാൻ 41 പന്തിൽ 56 റണ്‍സ് നേടി. കോളിൻ ഇൻഗ്രം ഒന്‍പത് പന്തിൽ 19 റണ്‍സും സ്വന്തമാക്കി. ക്രിസ് ഗെയ്ലിന്റെ 37 പന്തിൽ 69 റണ്‍സ് ഇന്നിംഗ്സിലൂടെ പഞ്ചാബ് 163 റണ്‍സ് നേടിയിരുന്നു.
പഞ്ചാബും ഡൽഹിയും ആദ്യം ഏറ്റുമുട്ടിയപ്പോൾ പഞ്ചാബിനായിരുന്നു ജയം. 14 റണ്‍സിനായിരുന്നു അവർ അന്ന് ജയം സ്വന്തമാക്കിയത്. ഇന്ന് രാജസ്ഥാനെതിരേയാണ് ഡൽഹിയുടെ അടുത്ത മത്സരം.