ചാരുംമൂട്: സർക്കാർ മേഖലയിൽ ഒഴിവുകൾ നികത്താത്തതിനെതിരെ സിപിഐ യുടെ യുവജന വിഭാഗമായ എഐവൈഎഫ് ആലപ്പുഴ ജില്ലാ കമ്മിറ്റി രംഗത്ത്. അടിയന്തിരമായി റിപ്പോർട്ട് ചെയ്ത് ഉദ്യോഗസ്ഥ വിന്യാസം ത്വരിതപ്പെടുത്തണമെന്ന് എഐവഐഫ് ജില്ലാ ക്യാന്പ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
നിലവിൽ വിവിധ റാങ്ക് ലിസ്റ്റ് കളിലായി പതിനായിരക്കണക്കിന് ഉദ്യോഗാർഥികളാണ് അവസരം കാത്ത് നില്‍ക്കുന്നത്. എൽഡിസി ഉൾപ്പെടെയുള്ള റാങ്ക് ലിസ്റ്റിന്റെ മുൻ നിരയിൽ ഉൾപ്പെട്ടവർക്കു പോലും ഒഴിവുകളുടെ റിപ്പോർട്ടിംഗ് നടക്കാത്തതിനാൽ അവസരം നിഷേധിക്കുന്നത് തികച്ചും പ്രതിക്ഷേധാർഹമാണ്.
സർക്കാർ ഇടപ്പെട്ട് ഇത്തരം ഒഴിവുകൾ നികത്തുന്നതിനുള്ള സാഹചര്യം സൃഷ്ടിച്ച് സർക്കാർ ഓഫിസുകളും സേവനങ്ങളും കൂടുതൽ കാര്യക്ഷമമാക്കണമെന്ന് എഐവഐഫ് ജില്ലാ ക്യാന്പ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എഐവഐഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു.
ഭക്ഷ്യ മന്ത്രി പി.തിലോത്തമൻ, സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ജി.കൃഷ്ണപ്രസാദ്, എഐഎസ്എഫ് ജില്ലാ സെക്രട്ടറി ബ്രൈറ്റ് എസ്.പ്രസാദ്, പി.എസ്.എം.ഹുസൈൻ, കെ.എസ് രവി, അശോക് കുമാർ, എസ് പ്രിൻസി, എ.ശോഭ, അംജാദ്, മധു എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറിയായി ടി.ടി ജിസ്മോനും ജില്ലാ പ്രസിഡന്റായി സി.എ അരുണ്‍കുമാറും തുടരും.