സ്വന്തം ലേഖകൻ
കണ്ണൂർ: സിപിഎമ്മിനെയും സിപിഎം മന്ത്രിമാരെയും പരിഹസിച്ച് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത്. സിപിഐയുടെ മുഖപത്രമായ ജനയുഗത്തിലാണ് കീഴാറ്റൂരിൽ നടക്കുന്നത് പരിസ്ഥിതി സംരക്ഷണ സമരമെന്ന് പറഞ്ഞ് കീഴാറ്റൂരിലെ സമരത്തിന് പിന്തുണയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്തിന്റെ ലേഖനം പ്രസിദീകരിച്ചിരിക്കുന്നത്. സിപിഎമ്മിനും കീഴാറ്റൂർ സമരത്തെ ആക്ഷേപിച്ച സിപിഎം മന്ത്രിമാർക്കും ശക്തമായ മറുപടിയാണ് ലേഖനത്തിലൂടെ നല്‍കിയിരിക്കുന്നത്.
സൈലന്റ് വാലി സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് സമരം ചെയ്തവരോട് സിംഹവാലന്‍ കുരങ്ങിനുവേണ്ടിയുള്ള സമരമെന്നുപറഞ്ഞ് പരിഹസിച്ചവര്‍ ഉണ്ടായിരുന്നുവെന്ന് സിപിഎമ്മിനെ പേരെടുത്ത് പറയാതെ ലേഖനത്തിൽ പരാമർശിക്കുന്നു. അതിരപ്പള്ളി ജലവൈദ്യുത പദ്ധതി നടപ്പിലാക്കരുതെന്നാവശ്യപ്പെട്ട് സമരം ചെയ്ത എഐവൈഎഫ് പ്രവര്‍ത്തകരെ ചൂണ്ടി വികസന വിരോധികളെന്ന് ആക്രോശിച്ചവരുണ്ടായിരുന്നു.
ഇപ്പോള്‍ വയല്‍ക്കിളികള്‍ കഴുകന്മാരെന്നും എരണ്ടകളെന്നും സമരത്തിന് പിന്തുണ കൊടുക്കുന്നവരെ പൂച്ചകളെന്നും ചെന്നായ്ക്കളെന്നും വിളിക്കുന്നവര്‍ മറന്നുപോകുന്നത് സര്‍വചരാചരങ്ങള്‍ക്കും ഈ ഭൂമിയില്‍ ജീവിക്കാന്‍ അവകാശമുണ്ടെന്ന പ്രാഥമികമായ പാഠമാണ്. സൂക്ഷ്മജീവികളും എരണ്ടകളും കഴുകന്മാരും കിളികളും സിംഹവാലന്‍ കുരങ്ങും പൂച്ചയും പൂമ്പാറ്റയും ചെന്നായ്ക്കളും മനുഷ്യനും പുല്ലും ചെടികളും മരങ്ങളും എല്ലാം ചേരുന്നതാണ് ഭൂമിയിലെ ആവാസവ്യവസ്ഥ.
വൃത്തിയാക്കിയ കുളങ്ങളുടെയും വെട്ടിയുണ്ടാക്കിയ മഴക്കുഴികളുടെയും കണക്ക് പറഞ്ഞിട്ട് അതേ ശ്വാസത്തില്‍തന്നെ ഹെക്ടര്‍ കണക്കിന് നെല്‍വയലുകള്‍ കുന്നിടിച്ച മണ്ണുകൊണ്ട് മൂടുന്നതിനെ ന്യായീകരിക്കുകയല്ല ചെയ്യേണ്ടത്. നൂറ് തെരുവുകുട്ടികളുടെ ജീവന് രക്ഷിച്ച അനാഥാലയ നടത്തിപ്പുകാരന് അതിന്റെ പേരില്‍ ഒരു കുഞ്ഞിന്റെ പോലും ജീവനെടുക്കാന്‍ അവകാശം ഇല്ലെന്ന് മാത്രമാണ് അത്തരക്കാരെ ഓര്മപ്പെടുത്താനുള്ളതെന്ന് പറഞ്ഞു കൊണ്ടാണ് ലേഖനം അവസാനിപ്പിക്കുന്നത്.
കേരള നിയമസഭ 2008ല്‍ പാസാക്കിയ കേരള നെല്‍വയല്‍ – തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന്റെ തുടര്‍ പ്രവര്‍ത്തനങ്ങളാണ് 2016 ല്‍ അധികാരത്തില്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാരും ഏറ്റെടുത്തിട്ടുള്ളത്. പരിസ്ഥിതിയെ സംരക്ഷിച്ചുള്ള വികസനം എന്ന കാഴ്ചപ്പാടില്‍ ഊന്നി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങളുടെ മുന്നില്‍ അവതരിപ്പിച്ച പ്രകടനപത്രികയാണ് പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഈ സര്‍ക്കാരിന്റെ വഴികാട്ടി.
നെല്‍വയലുകള്‍, തണ്ണീര്‍ത്തടങ്ങള്‍, പുഴകള്‍, അരുവികള്‍, കുളങ്ങള്‍, നീര്‍ച്ചാലുകള്‍, കായലുകള്‍, കനാലുകള്‍, കിണറുകള്‍, തോടുകള്‍, കുന്നുകള്‍ ഇവയെല്ലാം സംരക്ഷിക്കാനുള്ള അതിവിപുലമായ പദ്ധതികളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതെന്നും ലേഖനത്തിൽ പറയുന്നു.
കീഴാറ്റൂരിലെ സമരത്തിന് നേതൃത്വം കൊടുക്കുന്നവരുടെയോ പിന്തുണ നല്കുന്നവരുടെയോ പൂര്‍വകാല ചരിത്രവും രാഷ്ട്രീയവും നോക്കിക്കൊണ്ട് വയല്‍ക്കിളികള്‍ ഉയര്‍ത്തുന്ന മുദ്രാവാക്യത്തിന്റെ മെരിറ്റിനെ തള്ളിപ്പറയാന്‍ കഴിയുമോയെന്നും ലേഖനത്തിൽ ചോദിക്കുന്നുണ്ട്.നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ഇപ്പോള്‍ വിജ്ഞാപനം ചെയ്ത തളിപ്പറമ്പ് ബൈപ്പാസിന്റെ അലൈന്മെന്റിൽ മാറ്റം വരുത്തുന്നതിന് സാങ്കേതിക തടസങ്ങള്‍ ഒന്നുമില്ലെന്നാണ്.
ഫ്ലൈഓവറിന് വേണ്ടിവരുന്ന വലിയ സാമ്പത്തിക ബാധ്യത ചൂണ്ടിക്കാണിച്ച് ഫ്ലൈഓവര്‍ സാധ്യമല്ല എന്ന പ്രഖ്യാപനമല്ല മറിച്ച് കേന്ദ്രസര്‍ക്കാരിനു മുന്നില്‍ വസ്തുതകള്‍ അവതരിപ്പിച്ച് ആവശ്യമായ ഫണ്ട് കണ്ടെത്താനുള്ള ഇച്ഛാശക്തിയാണ് സംസ്ഥാന സര്‍ക്കാര്‍ കാണിക്കേണ്ടത്. അങ്ങനെ മാത്രമേ കീഴാറ്റൂര്‍ സമരത്തിന് പരിഹാരം കാണാന്‍ കഴിയൂ. വയല്‍ നികത്തിയുള്ള ബൈപ്പാസിന് പകരം നഗരത്തിലൂടെയുള്ള ഫ്ളൈ ഓവര്‍ യഥാര്‍ഥ്യമായാല്‍ ജയിക്കുന്നത് വയല്‍ക്കിളികള്‍ മാത്രമായിരിക്കില്ല, കേരളമാകെയാകും.
അവശേഷിക്കുന്ന നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കപ്പെടേണ്ടതാണെന്ന വലിയ സന്ദേശമാവും അതിലൂടെ നല്‍കുന്നത്. ഈ അര്‍ഥത്തിലാണ് കീഴാറ്റൂരിലെ സമരം പരിസ്ഥിതി സംരക്ഷണ പോരാട്ടമാണെന്ന് എഐവൈഎഫ് പ്രഖ്യാപിച്ചതും പിന്തുണ നല്‍കിയതെന്നും ലേഖനത്തിൽ പറയുന്നു.