ആലപ്പുഴ: സിപിഐ നേതൃത്വവും ഗതാഗതമന്ത്രി തോമസ് ചാണ്ടിയും തമ്മിലുള്ള വാക് പോര് മുറുകുന്നതിനിടെ തോമസ് ചാണ്ടിക്കെതിരെ പോഷക സംഘടനകളെ സമരരംഗത്തിറക്കി സിപിഐ. ജന ജാഗ്രതാ യാത്രകൾ സമാപിച്ചതിന് തൊട്ടുപിന്നാലെയാണ് സിപിഐയുടെ യുവജന സംഘടനയായ എഐവൈഎഫും കർഷക സംഘടനയായ ബി.കെ.എം.യുവും തോമസ് ചാണ്ടിക്കെതിരെ പരസ്യപ്രതിഷേധവുമായി രംഗത്തെത്തിയത്.
ജനജാഗ്രതാ യാത്രയ്ക്ക് കുട്ടനാട്ടിൽ നൽകിയ സ്വീകരണ സമ്മേളനത്തിലെ തോമസ് ചാണ്ടിയുടെ വിവാദ പ്രസംഗവും ഇതുമായി ബന്ധപ്പെട്ട് ജാഥാ ക്യാപ്റ്റൻകൂടിയായ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നൽകിയ മറുപടിയും പിന്നീട് തന്നെ വിമർശിച്ച സിപിഐ ദേശീയ സെക്രട്ടറി സുധാകർ റെഡ്ഡിക്കെതിരെ നടത്തിയ പരസ്യ വിമർശനവുമാണ് മന്ത്രിക്കെതിരായ നിലപാട് കടുപ്പിക്കാൻ സിപിഐയെ പ്രേരിപ്പിച്ചത്.
ഭൂമി ഇടപാടുമായി ബന്ധപ്പെട്ട മന്ത്രിക്കെതിരെയുയർന്ന ആരോപണങ്ങളിൽ സിപിഐ കടുത്ത നിലപാടാണ് സ്വീകരിച്ചിരുന്നത്. മുന്നണി മര്യാദയുടെ പേരിൽ പരസ്യപ്രതികരണം സിപിഐ നടത്തിയിരുന്നില്ലെങ്കിലും ഗതാഗത മന്ത്രിയുടെ നടപടികളോട് യോജിപ്പില്ലായെന്നത് വ്യക്തമായിരുന്നു.ഇതിനിടയിലാണ് സിപിഐയെ പ്രകോപിപ്പിച്ച് തോമസ് ചാണ്ടി വിവാദപ്രസ്താവനകൾ നടത്തിയത്. ഇതോടെ പാർട്ടി പോഷക സംഘടനകൾ പ്രത്യക്ഷ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.
ഇന്നലെ എഐവൈഎഫ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ തോമസ് ചാണ്ടിയുടെ റിസോർട്ട് ഓഫീസിന് മുന്നിൽ കോലം കത്തിച്ചു. മന്ത്രി രാജിവയ്ക്കും വരെ സമരം ചെയ്യുമെന്നും ഇതുവരെ മൗനം പാലിച്ചത് മുന്നണി മര്യാദയുടെ പേരിലാണെന്നുമായിരുന്നു എഐവൈഎഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി പി.എസ്.എം ഹുസൈൻ സമരം ഉദ്ഘാടനം ചെയ്ത് പറഞ്ഞത്.
ഇനിയും ഭൂമി നികത്തുമെന്നുള്ള മന്ത്രിയുടെ പ്രസ്താവന ഇടതുപക്ഷത്തിന് ചേർന്നതല്ലെന്നാണ് ബികഐംയുവിന്റെ വിമർശനം. തണ്ണീർത്തടങ്ങളും നെൽവയലുകളും സംരക്ഷിക്കുമെന്നും കാർഷിക മേഖല അഭിവൃത്തിപ്പെടുത്തുമെന്നുമുള്ള എൽഡിഎഫിന്റെ പ്രഖ്യാപന നയത്തിന് വിരുദ്ധമാണ് മന്ത്രിയുടെ പ്രസ്താവനകളെന്നും ഇവർ കുറ്റപ്പെടുത്തുന്നു. വരും ദിവസങ്ങളിൽ മന്ത്രിക്കെതിരായി ശക്തമായ നിലപാടുകളും പരസ്യപ്രക്ഷോഭങ്ങളും സംഘടിപ്പിക്കാനാണ് സിപിഐ സംഘടനകളുടെ നീക്കം.