അയ്യോ ഞാനത് മറന്നു, അയ്യോ പേടിയാവുന്നു, അയ്യോ പോവല്ലേ തുടങ്ങി നിത്യജീവിതത്തില്‍ പല വിധത്തില്‍ പല അവസരങ്ങളില്‍ പല പ്രാവശ്യം മലയാളികള്‍ ഉപയോഗിക്കുന്ന അയ്യോ എന്ന വാക്കിന് ഇപ്പോഴിതാ മികച്ച ഒരു അംഗീകാരം ലഭിച്ചിരിക്കുന്നു.
ആംഗലേയ ഭാഷയുടെ ബൈബിളായി കണക്കാക്കപ്പെടുന്ന ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറിയിലേക്ക് ചേക്കേറിയിരിക്കുകയാണ് നമ്മുടെ സ്വന്തം ‘അയ്യോ’. സന്തോഷം, സങ്കടം, അല്‍ഭുതം, ദേഷ്യം, വേദന, തുടങ്ങിയ ഏത് വികാരത്തിനൊപ്പവും മലയാളി ഉപയോഗിക്കുന്ന വാക്കാണിത്.
ഈ സന്തോഷവാര്‍ത്ത മലയാളികളെ അറിയിച്ചതാവട്ടെ, കടുകട്ടി വാക്കുകള്‍ കൊണ്ട് ആളുകളെ വെള്ളം കുടിപ്പിക്കുന്ന ശശി തരൂര്‍ എംപിയും. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തരൂര്‍ ഇക്കാര്യം അറിയിച്ചത്. സൗത്ത് ഇന്ത്യയില്‍ വ്യാപകമായി ഉപയോഗിക്കുന്നതും ഒഴിച്ചുകൂടാനാവാത്തതുമായ ഒരു വാക്കെന്നാണ് ഓക്‌സ്ഫഡ് ഡിക്ഷനറി അയ്യോയ്ക്ക് നല്‍കുന്ന നിര്‍വചനം.