സ്വന്തം ലേഖകൻ
തൃശൂർ: പ്രദേശത്തെ കൗണ്‍സിലർമാരും ജീവനക്കാരും അറിയാതെ പുലർച്ചെ അയ്യന്തോൾ സോണൽ ഓഫീസ് വിജന സ്ഥലത്തേക്കു മാറ്റി. ഒളരി മദർ ആശുപത്രിക്കു സമീപത്തു പ്രവർത്തിച്ചിരുന്ന കോർപറേഷന്റെ അയ്യന്തോൾ സോണൽ ഓഫീസ് ഇപ്പോൾ എൽത്തുരുത്ത് ഡിവിഷനിലെ അന്പാടിക്കുളത്തേക്കാണ് മാറ്റിയത്.
നേരത്തെ ബസിൽ സോണൽ ഓഫീസിനടുത്ത് ഇറങ്ങാൻ സൗകര്യമുണ്ടായിരുന്നുവെങ്കിൽ ഇപ്പോൾ ബസിറങ്ങി ഓട്ടോ പിടിച്ചു പോകേണ്ട സ്ഥിതിയാണുള്ളതെന്ന് ജനങ്ങൾ പരാതിപ്പെടുന്നു. പ്രധാന റോഡിൽ നിന്നും രണ്ടു കിലോമീറ്ററോളം ഉള്ളിലേക്ക് നീങ്ങിയാണ് ഇപ്പോഴത്തെ ഓഫീസ്.
ഹെൽത്ത് സെന്ററിന് മുകൾ നിലയിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്. 12 ഡിവിഷനുകളാണ് അയ്യന്തോൾ സോണിന്റെ കീഴിൽ വരുന്നത്. കോർപറേഷന്റെ ഏറ്റവും കൂടുതൽ ഡിവിഷൻ ഉൾപ്പെടുന്ന സോണൽ ഓഫീസാണിത്.ബുധനാഴ്ച രാവിലെ ഓഫീസിലെ ഫയലുകളും മറ്റും ചാക്കുകളിലുമാക്കി കോർപറേഷന്റെ ശുചീകരണ തൊഴിലാളികൾ പുതിയ ഓഫീസിലേക്ക് കൊണ്ടുപോകുകയായിരുന്നു. ജീവനക്കാരും ജോലിക്കെത്തിയപ്പോഴാണ് ഓഫീസ് മാറ്റിയ വിവരം അറിഞ്ഞത്.
പുതിയ ഓഫീസിലെത്തിയപ്പോഴാകട്ടെ, അങ്ങിങ്ങായി ചില കസേരകളും ചില മേശകളും മാത്രം. ഫയലുകൾ സൂക്ഷിക്കാനും കൈകാര്യം ചെയ്യാനുമുള്ള ഒരു സൗകര്യവും ഇല്ല. ഫയലുകളെല്ലാം ചാക്കുകളിൽനിന്ന് പുറത്തെടുക്കാതെ കുന്നുകൂട്ടിയിട്ടിരിക്കുകയാണ്. ജനങ്ങളുടെ ഓരോ വിഷയത്തിനും ഫയലുകൾ പരിശോധിക്കാനാകാത്ത അവസ്ഥ. നികുതികൾ, വിവിധ ലൈസൻസ് ഫീസുകൾ എന്നിവയടക്കാൻ എത്തുന്നവരെല്ലാം ബുദ്ധിമുട്ടിലായിരിക്കുകയാണ്.
പുതിയ ഓഫീസ് പ്രവർത്തനം സാധാരണ നിലയിലെത്താൻ മാസങ്ങളെടുക്കുമെന്നാണ് സൂചന. അടിസ്ഥാന സൗകര്യങ്ങൾ പോലും പുതിയ സ്ഥലത്ത് ഇല്ല.ഓഫീസ് മാറ്റം സംബന്ധിച്ച് ചർച്ച വേണമെന്നാവശ്യപ്പെട്ട് 21 പ്രതിപക്ഷ കൗണ്‍സിലർമാർ ഒപ്പിട്ട നിവേദനം നൽകിയിരുന്നു. മാർച്ച് 12 നു സ്പെഷ്യൽ കൗണ്‍സിൽ വിളിച്ച് ഈ വിഷയം ചർച്ച നടത്താൻ അജണ്ട നിശ്ചയിച്ചിരിക്കേയാണ് സോണ്‍ ഓഫീസ് മാറ്റിയത്.
എന്നാൽ ഓഫീസ് മാറ്റത്തിന് കൗണ്‍സിൽ അംഗീകാരം നേടിയിരുന്നുവെന്ന് മേയർ അജിത വിജയൻ അവകാശപ്പെടുന്നത്. ഇതോടെ സോണൽ ഓഫീസ് മാറ്റം പുതിയ വിവാദത്തിന് വഴി വെച്ചിരിക്കുകയാണ്.ഓഫീസ് പ്രവർത്തിച്ചിരുന്ന പ്രിയദർശിനി ഹാൾ പൊളിച്ചുപണിയുന്നതിന്റെ ഭാഗമായാണ് സോണൽ ഓഫീസ് മാറ്റിയതെന്നാണ് മേയർ അറിയിച്ചത്. ഓഫീസ് മാറ്റം തടസപ്പെടുത്താൻ ശ്രമം ഉണ്ടാകുമെന്നതിനാലാണ് ഓഫീസ് മാറ്റം വേഗത്തിലാക്കിയതെന്നും മേയർ പറഞ്ഞു.