എരുമപ്പെട്ടി: വേലൂർ കിരാലൂരിലെ വ്യാജ വെളിച്ചെണ്ണ നിർമാണ കന്പനിയായ എ.ജെ.സണ്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം പഞ്ചായത്ത് അടച്ചുപൂട്ടി. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് പഞ്ചായത്തിന്റെ നടപടി. കേരളത്തിലും തമിഴ്നാട്ടിലും പലപേരുകളിൽ വ്യാജ വെളിച്ചെണ്ണ നിർമിച്ച് വിതരണം നടത്തുന്ന കന്പനിയാണ് എ.ജെ.സണ്സെന്നും ഭക്ഷ്യ സുരക്ഷാ വകുപ്പ് കണ്ടെത്തി.
വേലൂർ കിരാലൂരിൽ പ്രവർത്തിക്കുന്ന എ.ജെ.സണ്‍സ് എന്ന സ്ഥാപനത്തിൽ നിന്നും ദിവസങ്ങൾക്ക് മുന്‍പ് ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ പതിനായിരം ലിറ്ററിലധികം അളവിൽ വ്യാജ വെളിച്ചെണ്ണ പിടികൂടിയിരുന്നു.മായംകലർത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് സംസ്ഥാന സർക്കാർ നിരോധിച്ച കേരനാട്, ബ്രില്യന്റ് എന്നീ പേരുകളിലുള്ള വെളിച്ചെണ്ണയാണ് കന്പനി ഗോഡൗണിലും 15 കണ്ടയ്നർ ലോറികളിലുമായി സൂക്ഷിച്ചിരുന്നത്.
നിരോധിച്ച ബ്രാന്റുകളിലുള്ള വെളിച്ചെണ്ണ പാക്കറ്റ് പൊളിച്ച് കാനുകളിലാക്കി ലൂസ് വെളിച്ചെണ്ണയെന്ന പേരിൽ കേരളത്തിലും തമിഴ്നാട്ടിലും വിതരണം നടത്താനും മറ്റു ബ്രാന്റുകളിൽ കലർത്തി വിൽപ്പന നടത്തുവാനുമാണ് പദ്ധതിയിട്ടിരുന്നത്. ഗോഡൗണ്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് താൽക്കാലികമായി സീൽ ചെയ്തിരുന്നെങ്കിലും എടുത്ത സാന്പിളുകളുടെ പരിശോധന ഫലം ലഭിക്കാത്തതിനാൽ കന്പനിയുടെ പ്രവർത്തനം തടയാൻ കഴിഞ്ഞിരുന്നില്ല.
പരിശോധന ഫലം വരുന്നത് വരെ കന്പനിയുടെ പ്രവർത്തനം നിർത്തിവെക്കാൻ പഞ്ചായത്ത് നോട്ടീസ് നൽകിയിരുന്നു. അതേസമയം പിടികൂടിയ വെളിച്ചെണ്ണ രാസപദാർത്ഥങ്ങൾ ചേർത്ത വ്യാജനാണെന്ന് പരിശോധന ഫലം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കന്പനി അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് തൃശൂർ അസിസ്റ്റന്റ് ഫുഡ് ആന്റ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷ്ണറുടെ കാര്യാലയം പഞ്ചായത്തിന് രേഖാമൂലം നിർദേശം നൽകിയിരിക്കുകയാണ്.ഇതിനെ തുടർന്നാണ് പഞ്ചായത്ത് ഭരണസമിതി കന്പനി അടച്ചു പൂട്ടാൻ തീരുമാനമെടുത്തത്.
പഞ്ചായത്ത് പ്രസിഡന്റ് ഷേർളി ദിലീപ്കുമാർ, വൈസ് പ്രസിഡന്റ് അബ്ദുൾ റഷീദ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സണ്‍ സ്വപ്ന രാമചന്ദ്രൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സി.ആർ.ഷോബി, വാർഡ് മെന്പർ എൻ.പ്രശാന്ത്കുമാർ, എരുമപ്പെട്ടി എസ്.ഐ.സുബിന്ത് എന്നിവരുടെ സാന്നിധ്യത്തിലാണ് പഞ്ചായത്ത് സെക്രട്ടറി വി.ജി.ശ്രീകല കന്പനി സീൽ ചെയ്ത് അടച്ച് പൂട്ടിയത്.