ഇരിട്ടി: കീഴ്പ്പള്ളി അത്തിക്കലിലെ ഐടിഐ വിദ്യാര്‍ഥി അജയ് ജോസഫിന്റെ (42) മരണവുമായി ബന്ധപ്പെട്ടു ക്രൈംബ്രാഞ്ച് അന്വേഷണസംഘം വെളിമാനം സ്വദേശിയായ ഒരാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. കൂടുതൽ വിവരങ്ങൾ അന്വേഷണസംഘം പുറത്തുവിട്ടിട്ടില്ല.
കീഴ്പ്പള്ളി അത്തിക്കിലില് അര്‍ധരാത്രി വാഹനം തട്ടിയെന്നതു പോലെ റോഡില്‍ കിടക്കുകയായിരുന്ന അജയ് ജോസഫിനെ അതുവഴി വന്ന കോൾ ടാക്സി ഡ്രൈവര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയയായിരുന്നു. 2014 ഒക്ടോബര്‍ 19ന് അര്‍ധരാത്രിയായിരുന്നു സംഭവം. അബോധാവസ്ഥയിലായതിനാല്‍ ആശുപത്രിലേക്കു കൊണ്ടുപോയവര്‍ക്കും അജയ് ജോസഫില്‍ നിന്നു കൂടുതലൊന്നും ചോദിച്ചറിയാന്‍ സാധിച്ചില്ല.
ആദ്യം ലോക്കല്‍ പോലീസും കഴിഞ്ഞ നാലുവര്‍ഷമായി ക്രൈംബ്രാഞ്ചുമാണ് ഈ കേസ് അന്വേഷിച്ചിരുന്നത്. ലോക്കല്‍ പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലന്നാരോപിച്ചു നാട്ടുകാര്‍ സര്‍വകക്ഷി യോഗം ചേര്‍ന്നു പ്രത്യക്ഷ സമരത്തിനിറങ്ങിയതോടെയാണ് കേസന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടത്. എന്നാല്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയതല്ലാതെ കാര്യമായ അന്വേഷണ പുരോഗതിയുണ്ടായിരുന്നില്ല.
അജയ് ജോസഫിന്റെ മൊബൈല്‍ഫോണ്‍ കണ്ടെത്താന്‍ കഴിയാത്തത് ഏറെ ദുരൂഹത പരത്തിയിരുന്നു. വീടിനു സമീപം റോഡില്‍ നടന്നത് അപകടമല്ല കൊലപാതകമാണെന്ന രൂപത്തിലും നാട്ടുകാര്‍ ആരോപിച്ചിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എ. റഹീമിന്റെ നേതൃത്വത്തിലാണ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്.