പ്രദീപ് ഗോപി
മിമിക്രിരംഗത്തുനിന്നു മറ്റൊരു കലാകാരൻ കൂടി മലയാളസിനിമയിൽ സജീവമാകുന്നു. ഏതാനും സിനിമകളിലും നിരവധി സീരിയലുകളിലും ഷോർട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുള്ള മിമിക്രി താരം അജയ് കല്ലായി ആണ് ഇ.എം. അഷ്റഫ് സംവിധാനം ചെയ്ത ഉരു എന്ന സിനിമയിൽ ശ്രദ്ധേയവേഷത്തിലൂടെ അഭിനയരംഗത്ത് സാന്നിധ്യമറിയിക്കുന്നത്.
ബേപ്പൂരിലെ ഉരുനിർമാണത്തിന്റെ പശ്ചാത്തലത്തിലിറങ്ങിയ ചിത്രമാണ് “ഉരു’. അടുത്തയിടെ തിയറ്ററുകളിലെത്തിയ ഈ ചിത്രത്തിൽ മാമുക്കോയ ആണ് കേന്ദകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.
മാമുക്കോയ ഒരു മൂത്താശാരിയായി എത്തിയ സിനിമയിൽ ഒരു ആശാരിയുടെ വേഷത്തിലാണ് അജയ് എത്തിയത്. ഈ സിനിമയിലെ അജയ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരും അജയൻ എന്നുതന്നെ.
നേരത്തെ ചന്ദനമഴ എന്ന മെഗാസീരിയിൽ ചെയ്ത വില്ലൻ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സ്റ്റേജ്-ടെലിവിഷൻ പ്രോഗ്രാമുകളിൽ അവതാരകനായും അജയ് കല്ലായി കൈയടി നേടുന്നു.
* സ്കൂൾ കാലം മുതൽ മിമിക്രി
കലാരംഗത്തേക്കു കടന്നുവരുന്നത് മിമിക്രിയിലൂടെയായിരുന്നു. സ്കൂളിൽ പഠിക്കുന്ന കാലം മുതൽ മിമിക്രി ചെയ്തു തുടങ്ങി. കോളജിൽ എത്തിയപ്പോൾ ഈ രംഗത്തു സജീവമായി. പിന്നീട് മിമിക്രി ഒരു പ്രഫഷനായിതന്നെ മുന്നോട്ടു കൊണ്ടുപോവുകയായിരുന്നു.
കേരളത്തിനകത്തും പുറത്തും വിദേശത്തും ഒട്ടേറെ ഷോകൾ ചെയ്തു. ഇതിനിടെ കെഎസ്ആർടിസിയിൽ കണ്ടക്ടറായി ജോലി കിട്ടിയെങ്കിലും മുഴുവൻ സമയം മിമിക്രിയിൽ സജീവമാകാൻ വേണ്ടി സർക്കാർ ജോലി വേണ്ടെന്നു വച്ചു. മിമിക്രി കൊണ്ടുതന്നെയാണ് ഇന്നു ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്.
* ഒപ്പമുണ്ടായിരുന്നവർ
മിമിക്രിയിൽ കൂടെ ഉണ്ടായിരുന്നവരാണ് ഹരീഷ് കണാരൻ, നിർമർ പാലാഴി, വിനോദ് കോവൂർ തുടങ്ങിയവരൊക്കെ. ഇവർക്കൊപ്പം നിരവധി സ്റ്റേജ് പ്രോഗ്രാമുകൾ ചെയ്തു.
അവരെല്ലാം പിന്നീടു സിനിമയിലെത്തി. ഞാൻ അന്ന് സ്റ്റേജ് ഷോകൾക്കാണ് പ്രാധാന്യം നൽകിയിരുന്നത്. സ്റ്റേജ് ഷോകളോടു വലിയ കന്പംതന്നെയായിരുന്നു. പിന്നീട് ഇപ്പോഴാണ് സിനിമ-സീരിയൽ രംഗത്തുകൂടി സജീവമാകണമെന്നു തോന്നിയത്.
* ഉരുവിലെ കഥാപാത്രം
ഉരുവിൽ ഉരു നിർമിക്കുന്ന ആശാരിപ്പണിക്കാരനായാണ് എത്തുന്നത്. ആശാരിപ്പണിക്കൊപ്പം മ്യൂസിക് ബാൻഡിനൊപ്പവും ഈ കഥാപാത്രം പ്രവർത്തിക്കുന്നു. പ്രോഗ്രാമുള്ള സമയം അതിനു പോകും.
അല്ലാത്തപ്പോൾ പണിക്കു പോകും. എപ്പോഴും ദാരിദ്ര്യം മാത്രമാണ് മാമുക്ക ചെയ്യുന്ന കഥാപാത്രത്തിനു പറയാനുണ്ടാവുക. ഗൾഫിൽനിന്നു പണം വരുന്നതു നിലച്ചതോടെ കൂടെ പണിയുന്നവർക്കു പൈസ കൊടുക്കാൻ പറ്റാതെ കടക്കെണിയിലാകുന്ന ഒരു കഥാപാത്രം. ഉരു നിർമാണത്തെക്കുറിച്ച് എല്ലാം അറിയാവുന്ന കഥാപാത്രമാണ് മാമുക്കോയ ചെയ്യുന്ന ശ്രീധരൻ ആശാരി.
* മാമുക്കോയക്കൊപ്പം
465ലധികം സിനിമയിൽ അഭിനയിച്ച അതുല്യപ്രതിഭയാണ് മാമുക്കോയ. അദ്ദേഹത്തോടൊപ്പം ഒരു സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണ്.
ഉരുവിലെ ഒരു സീനിൽ ഞാൻ അദ്ദേഹത്തെ ചീത്ത പറയുന്ന ഒരു രംഗമുണ്ട്. സീനെടുത്തപ്പോൾ എനിക്കതിനു കഴിയുന്നില്ല. അജയാ നീ പറഞ്ഞോ, നമ്മൾ അഭിനയിക്കുകയല്ലേ അതൊന്നും ഒരു പ്രശ്നവുമില്ല എന്നു പറഞ്ഞ് അദ്ദേഹം ധൈര്യം തരികയാണ് ചെയ്തത്.
ഒന്നുരണ്ടു തവണ റീടേക്ക് എടുക്കേണ്ടി വന്നപ്പോൾ ഇങ്ങനെ ചെയ്താൽ മതിയെന്നൊക്കെ പറഞ്ഞ് പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
* ഷോർട്ട് ഫിലിമുകൾ
കുറെയേറെ ഷോർട്ട് ഫിലിമുകൾ ചെയ്തിട്ടുണ്ടെങ്കിലും എം. മുകുന്ദന്റെ ബൊയ്യൂർ മയ്യഴി എന്ന ഷോർട്ട് ഫിലിം എനിക്കേറെ പ്രിയപ്പെട്ടതാണ്. ബൊയ്യൂർ എന്ന ഫ്രഞ്ച് വാക്കിന് സ്വാഗതം എന്നാണ് അർഥം.
മയ്യഴിയിലേക്കു സ്വാഗതം എന്നു പറയാം. എം. മുകുന്ദനാണ് ഈ ഹ്രസ്വചിത്രത്തിന്റെ തിരക്കഥയെഴുതിയത്. അദ്ദേഹം ഇതിൽ അഭിനയിച്ചിട്ടുമുണ്ട്. എം. മുകുന്ദൻ ആദ്യമായി അഭിനയിക്കുന്ന ഒരു മൂവിയാണിത്.
എം. മുകുന്ദന്റെ ചില കഥാപാത്രങ്ങൾ അദ്ദേഹത്തോടു നേരിട്ടു ചില സങ്കടങ്ങളും സന്തോഷങ്ങളും വിരഹങ്ങളും ഒക്കെ പറയുന്ന രീതിയിലാണ് ഈ ഷോർട്ട് ഫിലിം മുന്നോട്ടു പോകുന്നത്. അതിൽ കുട നന്നാക്കുന്ന ചോയി എന്ന കഥാപാത്രത്തെയാണ് ഞാൻ ചെയ്തിരിക്കുന്നത്.
* ടെലിവിഷൻ
ഏഷ്യനെറ്റിലെ മിന്നും താരം പ്രോഗ്രാമിൽ (2008) വിജയിയായിരുന്നു. വോഡാഫോൺ കോമഡിഷോ സീസൺ വണ്ണിൽ ടീം ഡ്രീംസിൽ അംഗമായിരുന്നു. അമൃത ടിവിയിലെ സൂപ്പർ ഡ്യൂപ്പായും എത്തി. ചന്ദനമഴ, കല്യാണി കല്യാണി, സ്നേഹവീട്, തോന്നയ്ക്കൽ പഞ്ചായത്ത്, ജഗപൊഗ, കബനി, അയൽക്കൂട്ടം എന്നീ സീരിയലുകൾ ചെയ്തു.
* പുതിയ സിനിമകൾ
പൊറോട്ടു നാടകം എന്ന സിനിമയാണ് ഇനിയുള്ളത്. ഹരീഷ് പേരടിയുടെ ദാസേട്ടന്റെ സൈക്കിൾ ചെയ്തു. കൂടാതെ ഉരുവിന്റെ സംവിധായകൻ ഇംഎം. അഷ്റഫിന്റെ പുതിയ സിനിമയിലും നല്ലൊരു കഥാപാത്രത്തെ അവതരിപ്പിക്കാനായി വിളിച്ചിട്ടുണ്ട്.
* കുടുംബം
ഭാര്യ ലീന ദുബായിയിൽ ഒരു കൺട്രക്ഷൻ കന്പനിയിൽ എൻജിനീയറാണ്. മകൾ ദേവിക പ്ലസ്ടു കഴിഞ്ഞ് നീറ്റ് പരീക്ഷയെഴുതി ഫലത്തിനായി കാത്തിരിക്കുന്നു.
മകൻ ആദിദേവ് ദുബായിയിൽ ഒരു ഇന്ത്യൻ സ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുന്നു. അച്ഛൻ പരേതനായ ചന്ദ്രൻ. അമ്മ പരേതയായ ലീല. കോഴിക്കോട് കല്ലായിയിലാണ് ജനനം. ഇപ്പോൾ താമസം കോഴിക്കോട് പന്തീരാങ്കാവിൽ.