വൈപ്പിൻ: പുതുവൈപ്പിൽ ഐഒസിയുടെ എൽപിജി പദ്ധതി നിർമാണവുമായി ബന്ധപ്പെട്ട് എളങ്കുന്നപ്പുഴ പഞ്ചായത്തിലെ ഒന്പതു വാർഡുകളിൽ കഴിഞ്ഞ ഒന്നര വർഷത്തോളമായി നിലനിൽക്കുന്ന പോലീസ് നിരോധനാജ്ഞ പിൻവലിക്കണമെന്ന് കോണ്ഗ്രസ് വക്താവ് അജയ് തറയിൽ ആവശ്യപ്പെട്ടു.
നിരോധനാജ്ഞമൂലം ഈ മേഖലയിലെ മത്സ്യത്തൊഴിലാളികൾ അടക്കമുള്ള സാധാരണ ജനങ്ങളുടെ സഞ്ചാര സാതന്ത്ര്യവും തൊഴിലെടുത്ത് ഉപജീവനം നടത്താനുള്ള അവകാശവും സർക്കാർ തടഞ്ഞുവെച്ചിരിക്കുകയാണെന്ന് അജയ് തറയിൽ കുറ്റപ്പെടുത്തി.
മനുഷ്യാവകാശത്തിന്റെയും ജനാധിപത്യത്തിന്റെയും പേരിൽ പലപ്പോഴും ഊറ്റംകൊള്ളുന്ന ഇടതുപക്ഷം പുതുവൈപ്പിൽ ജനഹിതം മാനിക്കാതെ അടിച്ചമർത്തലിലൂടെ ജനാധിപത്യത്തെയും മനുഷ്യാവകാശത്തെയും കശാപ്പ് ചെയ്തിരിക്കുകയാണെന്നും നിരോധനാജ്ഞ പിൻവലിച്ചില്ലെങ്കിൽ നിയമം ലംഘിച്ച് സമരപരിപാടികൾക്ക് രൂപം നൽകുമെന്നും കോണ്ഗ്രസ് വക്താവ് മുന്നറിയിപ്പ് നൽകി.