അമ്പലപ്പുഴ: മാവേലിക്കര വള്ളികുന്നം പോലീസ് സ്റ്റേഷനിലെ സിപിഒ സൗമ്യ പുഷ്ക്കരനെ പെട്രോളൊഴിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അജാസ് (33) മരിച്ചു. ബുധനാഴ്ച വൈകുന്നേരം 5.40 ഓടെയായിരുന്നു മരണം. സൗമ്യയെ ആക്രമിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ ഐസൊലേഷൻ വാർഡിൽ ചികിത്സയിലായിരുന്നു.
ശ്വാസകോശത്തിലുണ്ടായ അണുബാധയും, ന്യൂമോണിയയുമാണ് മരണകാരണമെന്ന് ഡോക്ടർമാർ പറഞ്ഞു. വയറിനേറ്റ ഗുരുതരമായ പൊള്ളലിൽ നിന്നുണ്ടായ അണുബാധ വൃക്കകളുടെ പ്രവർത്തനത്തെ ബാധിച്ചിരുന്നു.
രക്തസമ്മർദ്ദം കുറവായിരുന്നതിനാൽ ഡയാലിസിസ് നടത്തുവാൻ കഴിഞ്ഞിരുന്നില്ല. രക്തസമ്മർദ്ദം കൂട്ടുവാൻ മരുന്ന് കുത്തിവച്ചെങ്കിലും ശരീരം ഇതിനോട് പ്രതികരിച്ചില്ലെന്ന് ചികിത്സിച്ച ഡോക്ടർമാർ പറഞ്ഞു. ആലുവ ട്രാഫിക് സ്റ്റേഷനിലെ സിപിഒ ആയിരുന്നു അജാസ്.
വ്യാഴാഴ്ച പോസ്റ്റുമാർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ആശുപത്രിയിൽ ബന്ധുക്കൾ എത്തിയിരുന്നെങ്കിലും ആരെയും കാണുവാൻ ഇയാൾ സമ്മതിച്ചിരുന്നില്ല. രണ്ടു ദിവസം മുൻപ് മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തിയിരുന്നു. കൂടുതൽ ചോദ്യം ചെയ്യലിനായി പോലീസ് ഒരുങ്ങുന്നതിനിടെയാണ് അജാസ് മരിച്ചത്.