കൊച്ചി: ’നിത്യശാന്തിയുടെ ദാതാക്കൾ’ എന്ന പേരിൽ രഹസ്യ ഗ്രൂപ്പുണ്ടാക്കി ആളൊഴിഞ്ഞ ഇടങ്ങളിൽ മദ്യത്തോടൊപ്പം മതിഭ്രമം ലഭിക്കാൻ വൻ തോതിൽ ലഹരി ഗുളികകളും ഉപയോഗിച്ച് ഡ്രഗ് പാർട്ടി സംഘടിപ്പിച്ചു വന്നിരുന്ന സംഭവത്തിൽ കൂടുതൽപേർ എക്സൈസ് നിരീഷണത്തിൽ.
അവധി ദിവസങ്ങൾ ആഘോഷമാക്കാൻ ബാച്ചിലർ ഡ്രഗ് പാർട്ടി സംഘടിപ്പിച്ചുവന്നിരുന്ന മുഖ്യ സംഘാടകനെ പിടികൂടിയതോടെയാണ് ഇവരുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ എക്സൈസ് സംഘത്തിന് ലഭിച്ചത്. ആലുവ ഈസ്റ്റ് വില്ലേജിൽ പൂക്കാട്ടുപടി മേനംതുരുത്ത് അജാസ് (27) ആണ് എക്സൈസ് സ്പെഷൽ സ്ക്വാഡിന്റെ വലയിലായത്.
കൊച്ചിയിലെ ലഹരി മാഫിയയുടെ വേരറുക്കാൻ എക്സൈസ് സ്പെഷൽ സ്ക്വാഡ് സിഐയുടെ മേൽ നോട്ടത്തിലുള്ള ടോപ് നാർക്കോടിക് സീക്രട്ട് ഗ്രൂപ്പ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലുള്ള റെയ്ഡിലാണു പ്രതി പിടിയിലായത്.
130 നൈട്രോസെപാം ഗുളികകളും പ്രതിയിൽനിന്നു കണ്ടെടുത്തു. ആലുവ, പൂക്കാട്ടുപടി, കൊടികുത്തിമല, വാഴക്കുളം ഭാഗങ്ങളിലുള്ള ഏതാനും യുവാക്കളൊടൊന്നിച്ചായിരുന്നു പ്രതിയുടെ ലഹരി ഉപയോഗം.
40 നൈട്രോസെപാം ഗുളികകൾ കൈവശം വയ്ക്കുന്നതുപോലും 10 വർഷം വരെ കഠിനതടവ് കിട്ടുന്ന കുറ്റമാണെന്നും ലഹരിയുടെ അമിത ഉപയോഗംമൂലം പ്രതിക്ക് മാനസിക അസ്വാസ്ഥ്യം ഉള്ളതായി സംശയിക്കുന്നതായും അധികൃതർ വ്യക്തമാക്കി. ചോദ്യംചെയ്യലിൽ കൂട്ടുപ്രതികളുടെ കോഡ് പേരുകൾ സംബന്ധിച്ച വിവരങ്ങളും അധികൃതർക്ക് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽഉൾപ്പെടെ വാഴക്കുളം, കൊടികുത്തിമല പരിസരങ്ങളിൽ മുൻകേസുകളിൽ പ്രതികളായ ഏതാനും യുവാക്കളെയാണ് എക്സൈസ് സംഘം സംശയിക്കുന്നത്.
ഈ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനൊരുങ്ങുകയാണ് എക്സൈസ് സംഘം. എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ബി. സുരേഷിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ എക്സൈസ് ഇൻസ്പെക്ടർ പി. ശ്രീരാജ്, പ്രിവന്റീവ് ഓഫിസർമാരായ രാം പ്രസാദ്, സിവിൽ എക്സൈസ് ഓഫീസർമാരായ എം.എം. അരുണ്കുമാർ, പി.എക്സ്. റൂബൻ, ജിമ്മി, ഹരി, ഡ്രൈവർ പ്രദീപ് എന്നിവരടങ്ങിയ സംഘമാണു പ്രതിയെ പിടികൂടിയത്.