കായംകുളം: വള്ളികുന്നത്ത് പോലീസുകാരൻ ക്രൂരമായി കൊലപ്പെടുത്തിയ വനിതാ സിവിൽ പോലീസ് ഓഫീസർ സൗമ്യ പുഷ്കരന്റെ സംസ്കാരം ഒൗദ്യോഗിക ബഹുമതികളോടെ നാളെ വള്ളികുന്നത്തെ വീട്ടുവളപ്പിൽ നടക്കും.
ലിബിയയിലെ ജോലി സ്ഥലത്തുനിന്നും ഭർത്താവ് സജീവൻ ഇന്നു വൈകുന്നേരത്തോടെ നാട്ടിലെത്തിയതിനു ശേഷമേ സമയം സംബന്ധിച്ച തീരുമാനമുണ്ടാകൂ. നാളെ സംസ്കാരത്തിന് മുന്പ് സൗമ്യയുടെ ഭൗതിക ശരീരം വള്ളികുന്നം പോലീസ് സ്റ്റേഷനിൽ പൊതുദർശനത്തിനു വയ്ക്കും. പോസ്റ്റ്മോർട്ടത്തിനുശേഷം ഓച്ചിറയിലുള്ള സ്വകാര്യ ആശുപത്രിയിലാണ് സൗമ്യയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.
മൂന്നാഴ്ച മുന്പാണ് സജീവ് ലിബിയയിലേക്കു പോയത്. ഇന്നലെ തുർക്കിയിലെത്തിയ സജീവ് ഇന്ന് വൈകുന്നേരത്തോടെ നാട്ടിലെത്തുമെന്നാണ് ബന്ധുക്കളെ അറിയിച്ചിട്ടുള്ളത്. സൗമ്യയ്ക്ക് അപകടമുണ്ടായെന്നേ ബന്ധുക്കൾ സജീവിനെ അറിയിച്ചിട്ടുള്ളൂ. ഇതിനിടെ, ദുബായിലായിരുന്ന സൗമ്യയുടെ സഹോദരി രമ്യയും നാട്ടിലെത്തി.
അതേസമയം, സൗമ്യയെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കാൻ ശ്രമിച്ച പ്രതി ആലുവ ട്രാഫിക് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ അജാസിന്റെ നില ഗുരുതരമായി തുടരുകയാണ്. 60 ശതമാനം പൊള്ളലുമായി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അജാസിന്റെ വൃക്കയുടെയും ശ്വാസകോശത്തിന്റെയും പ്രവർത്തനം സാധാരണ നിലയിലല്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
അജാസിനെതിരെ കൊലക്കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തതോടെ ഇയാളെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. ആലുവ റൂറൽ എസ്പിയാണ് ഇന്നലെ സസ്പെൻഡ് ചെയ്തതായി ഉത്തരവിറക്കിയത്. അജാസിനെതിരെ വകുപ്പുതല അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.