ആലപ്പുഴ: വള്ളികുന്നത്ത് വനിതാ പോലീസ് ഓഫീസറുടെ കൊലപാതകത്തിൽ കൊല്ലപ്പെട്ട സൗമ്യയുടേയും പ്രതി അജാസിന്റെയും മൊബൈൽ ഫോണുകൾ നിർണായക തെളിവാകും. സൗമ്യ(32)യ്ക്കെതിരെ പ്രതി അജാസ് നേരത്തേയും വധഭീഷണി മുഴക്കിയിരുന്നെന്ന് സൗമ്യയുടെ അമ്മ വെളിപ്പെടുത്തി. പ്രതി സൗമ്യയോട് വിവാഹ അഭ്യർഥന നടത്തിയിരുന്നെന്നും അഭ്യർഥന നിരസിച്ചതിനാലാകാം കൊലപാതകത്തിലേക്കു നയിച്ചതെന്നുമാണ് പോലീസ് സംശയിക്കുന്നത്.
വ്യക്തമായ കണക്കുകൂട്ടലിൽ കൊല്ലുക എന്ന ലക്ഷ്യത്തോടെയാണ് ഇയാൾ എത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ ഇരുവരുടേയും ഫോണ് വിളികളും വാട്സ്ആപ് സന്ദേശങ്ങളും പോലീസ് വിശദമായി പരിശോധിച്ചു വരികയാണ്. ഇതിലൂടെ കൊലപാതകത്തിലേക്ക് എത്തിപ്പെടാനുള്ള കൂടുതൽ കാരണങ്ങൾ ഉടൻ വ്യക്തമാകുമെന്ന് പോലീസ് അറിയിച്ചു.
പോലീസ് അക്കാദമിയിലെ പരിശീലന വേളയിൽ ഒപ്പമുണ്ടായിരുന്ന ഇരുവരുടേയും സൗഹൃദകാലയളവിൽ സൗമ്യ അജാസിന്റെ പക്കൽ നിന്നും ഒന്നര ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഈ പണം അടുത്ത കാലത്ത് അജാസിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചുകൊടുത്തിരുന്നെങ്കിലും അജാസ് തുക കൈപ്പറ്റാതെ തിരിച്ചയച്ചു.
കടം കൊടുത്ത പണം സൗമ്യയുമായിട്ടുള്ള സന്പർക്കം തുടരാനുള്ള ഒരു ഉപാധിയായി കണ്ട് ബന്ധം തുടരുന്നതിനിടെ രണ്ടാഴ്ച മുന്പ് സൗമ്യ അമ്മയേയും കൂട്ടി എറണാകുളത്തേക്ക് എത്തി കടം വീട്ടാനുള്ള ശ്രമം നടത്തിയിരുന്നു.
എന്നാൽ അപ്പോഴും പണം വാങ്ങാതെ മാന്യമായ പെരുമാറ്റത്തോടെ പ്രതി അജാസ്, സൗമ്യയേയും അമ്മയേയും സ്വന്തം കാറിൽ വള്ളികുന്നത്തെ വീട്ടിൽ കൊണ്ടാക്കുകയായിരുന്നു. തുടർന്നാണ് പ്രശ്നങ്ങൾ വഷളായതെന്നു പോലീസ് കരുതുന്നു. വീട്ടിലെത്തി ഇയാൾ വിവാഹാഭ്യർഥന നടത്തുകയും വഴങ്ങാതെ വന്നപ്പോൾ നിന്നേയും ഭർത്താവ് സജീവനേയും കൊന്നുകളയുമെന്ന് സൗമ്യയെ ഭീഷണിപ്പെടുത്തിയിരുന്നതായും സൗമ്യയുടെ അമ്മ പറഞ്ഞു.
വെള്ളിയാഴ്ച വൈകുന്നേരം നാലോടെയാണ് വീടിന് സമീപത്തു വച്ച് വള്ളികുന്നം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ സൗമ്യയെ പ്രതി ആലുവ ട്രാഫിക് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ അജാസ് വടിവാൾ ഉപയോഗിച്ച് വെട്ടിവീഴ്ത്തിയ ശേഷം പെട്രോൾ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയത്. വീട്ടിൽ നിന്നും പുറത്തേക്ക് സ്കൂട്ടറിൽ പോകവേ വീടിനു മുന്നിലായിരുന്നു ആക്രമണം.
കാറിലെത്തിയ അക്രമി സൗമ്യയെ ഇടിച്ചിടുകയും ഇടിയുടെ ആഘാതത്തിൽ താഴെ വീണ സൗമ്യ പ്രാണരക്ഷാർഥം അയൽ വീട്ടിലേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പിന്നാലെ എത്തി സൗമ്യയെ വടിവാൾ ഉപയോഗിച്ച് വെട്ടി വീഴ്ത്തിയശേഷം കൈയിൽ കരുതിയ പെട്രോൾ ഒഴിച്ചു തീകൊളുത്തുകയുമായിരുന്നു.
സൗമ്യയുടെ സംസ്കാരം നാളെ
മാവേലിക്കര: വള്ളികുന്നത്ത് പോലീസുകാരനാൽ അതിദാരുണമായി കൊല്ലപ്പെട്ട വനിത പോലീസ് ഓഫീസർ സൗമ്യയുടെ സംസ്കാരം നാളെ നടക്കും. സൗദിയിൽ ജോലി ചെയ്യുന്ന സൗമ്യയുടെ ഭർത്താവ് സജീവ് ഇന്നു വൈകുന്നേരത്തോടെ നാട്ടിലെത്തും.
ലീവിനു നാട്ടിലെത്തിയ സൗമ്യയുടെ ഭർത്താവ് സജീവ് സംഭവം നടക്കുന്നതിന് മൂന്നാഴ്ച മുന്പാണ് തിരികെ ജോലി സ്ഥലത്തേക്കു പോയത്. സൗമ്യയുടെ മക്കളായ ഋഷികേശ് (12), ആദിശേഷൻ (9), ഋതിക (മൂന്നര) എന്നിവർ ഇപ്പോൾ ക്ലാപ്പനയിലെ സൗമ്യയുടെ വീട്ടിലാണ്. സൗമ്യയുടെ മൃതദേഹം പോസ്റ്റുമാർട്ടത്തിനു ശേഷം ഇന്നലെ ബന്ധുക്കൾക്ക് വിട്ടുനൽകിയിരുന്നു.
ഇൻക്വസ്റ്റ് തയ്യാറാക്കിയ മൃതദേഹം ശനിയാഴ്ച രാത്രിയോടെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ എത്തിച്ചു. ഇന്നലെ രാവിലെ 10.45 ഓടെ ആരംഭിച്ച പോസ്റ്റ്മാർട്ടം ഉച്ചക്കു രണ്ടോടെയാണ് അവസാനിച്ചത്. ഫോറൻസിക് മേധാവി ഡോ.ശ്രീദേവി യുടെ മേൽനോട്ടത്തിൽ ഡോ.അനൂപ്, ഡോ. ദീപ്തി, ഹൗസ് സർജ·ാരായ ഡോ.ഷൈമ, ഡോ.ശാന്തമ്മ, ഡോ.ഷൈജു എന്നിവരാണ് പോസ്റ്റ്മോർട്ടം നടത്തിയത്.60 ശതമാനം പൊള്ളലും, കഴുത്തിൽ ഗുരുതര വെട്ടേറ്റതു മാണ് മരണകാരണമെന്നാണ് ഡോക്ടർമാരുടെ പ്രാഥമിക നിഗമനം.