തലശേരി: കുന്നോത്ത് പറമ്പിലെ സിപിഎം പ്രവർത്തകനായ അജയനെ (29) വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ വിചാരണ അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് വിജയകുമാർ മുമ്പാകെ ആരംഭിച്ചു. ഒന്നാം സാക്ഷി പൊന്നമ്പത്ത സുനിലിനെ വിസ്തരിച്ചു.
പ്രതികളേയും കൊലയ്ക്കുപയോഗിച്ച കൈമഴു, ചുരിക, കൊടുവാൾ തുടങ്ങിയ ആയുധങ്ങൾ സാക്ഷി കോടതിയിൽ തിരിച്ചറിഞ്ഞു. 2009 മാർച്ച 11നാണ് കേസിനാസ്പദമായ സംഭവം. എസ്ടിഡി ബൂത്ത് നടത്തിയിരുന്ന അജയനെ ജീപ്പിലെത്തിയ അക്രമി സംഘം കടയിൽ കയറ്റിവെട്ടുകയും രക്ഷപെടാനായി തൊട്ടടുത്ത വീട്ടിൽ കയറിയ അജയനെ ആ വീട്ടിൽ വെച്ച അക്രമി സംഘം വെട്ടി കൊലപ്പെടുത്തുകയുമായിരുന്നു.
കുണ്ടുപറമ്പിൽ മനോജ് തുടക്കി ഒമ്പത് ബിജെപി പ്രവർത്തകരാണ് കേസിലെ പ്രതികൾ. പ്രതികളിൽ ഒരാളായ പതിനാറുകാരൻ ആത്മഹത്യ ചെയ്യുകയും മറ്റൊരു പ്രതി കൊല്ലപ്പെട്ടുകയും ചെയ്തിരുന്നു. 40 സാക്ഷികളുള്ള ഈ കേസിൽ പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എൻ.വി. അജയ് കുമാറും പ്രതിഭാഗത്തിനു വേണ്ടി അഡ്വ. ഭാസ്കരൻനായർ, അഡ്വ. പ്രേമരാജൻ എന്നിവരുമാണ് ഹാജരാകുന്നത്.