കായംകുളം: പെരുന്തച്ചൻ എന്ന ഒറ്റ ചിത്രത്തിലൂടെ സംവിധാന മികവ് തെളിയിച്ച് മലയാളികളുടെ ഹൃദയം കവർന്ന സംവിധായകൻ അജയന് ഇന്ന് കലാകേരളം വിടചൊല്ലും. വൈകുന്നേരം നാലിന് വള്ളികുന്നം തോപ്പിൽ വീട്ടിൽ സംസ്കാരം നടക്കും. അർബുദ രോഗത്തിന് ചികിത്സയിലായിരുന്ന അജയൻ കഴിഞ്ഞ ദിവസം വൈകുന്നേരമാണ് വിടപറഞ്ഞത്ത്. അജയന്റെ വേർപാട് സിനിമാലോകത്തിനും വള്ളികുന്നം ഗ്രാമത്തിനും തീരാനഷ്ടമായി.
മലയാള നാടകകൃത്തും തിരക്കഥാകൃത്തും ചലച്ചിത്രസംവിധായകനുമായിരുന്ന തോപ്പിൽ ഭാസി നാടകത്തിലൂടെ ചരിത്രം സൃഷ്ടിച്ചപ്പോൾ അച്ഛന്റെ പാത പിന്തുടർന്ന മകൻ അജയൻ പെരുന്തച്ചൻ എന്ന ഒറ്റ മലയാള സിനിമ സംവിധാനം ചെയ്തുകൊണ്ട് മലയാള സിനിമയുടെ പെരുന്തച്ചനായി മാറുകയായിരുന്നു.
അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നു ഫിലിം ടെക്നോളജിയിൽ ഡിപ്ളോമ നേടിയ ശേഷം അജയൻ ചായാഗ്രാഹക സഹായി, സംവിധാന സഹായി എന്ന നിലകളിൽ തോപ്പിൽ ഭാസി, പദ്മരാജൻ, ഭരതൻ തുടങ്ങിയവരുടെ കൂടെ സിനിമാ രംഗത്ത് എത്തുകയായിരുന്നു. പെരുന്തച്ചൻ എന്ന ചിത്രത്തിനു പുറമേ നിരവധി ഡോക്യുമെന്ററികളും അജയൻ സംവിധാനം ചെയ്തിട്ടുണ്ട്.
1991 ലാണ് എം. ടി. വാസുദേവൻ നായരുടെ തിരക്കഥയിലാണ് അജയൻ പെരുന്തച്ചൻ സംവിധാനം ചെയ്തത്. ഈ ചിത്രം ദേശീയ തലത്തിൽ തന്നെ ഒട്ടേറെ പുരസ്കാരത്തിന് അർഹത നേടി. ഇതോടെ തോപ്പിൽ അജയനും ജനപ്രിയ സംവിധായകനായി മാറി.
ഇന്ദിരാഗാന്ധി നാഷണൽ അവാർഡ്, കേരള സംസ്ഥാന ഫിലിം അവാർഡ്, ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ അവാർഡ്, ഫിലിം ഫാൻസ് അസോസിയേഷൻ അവാർഡ്, തുടങ്ങിയ നിരവധി അവാർഡുകൾ പെരുന്തച്ചന് ലഭിച്ചു. കൂടാതെ വിവിധങ്ങളായ രാജ്യാന്തര ചലച്ചിത്ര മേളകളിൽ ഈ സിനിമ പ്രദർശിപ്പിക്കുകയും ചെയ്തു.
പിന്നീട് വീണ്ടും എം.ടിയുടെ മാണിക്യക്കല്ല് എന്ന ബാലസാഹിത്യകൃതി സിനിമയാക്കാനുള്ള ശ്രമങ്ങളുമായി നടക്കുകയായിരുന്നു അജയൻ. രണ്ടുവർഷത്തോളം ഇതിനായി ശ്രമിച്ചെങ്കിലും പിന്നീടത് മുടങ്ങിപ്പോകുകയായിരുന്നു. പിന്നീട് പിതാവ് തോപ്പിൽ ഭാസിയുടെ ഒളിവിലെ ഓർമകൾ സിനിമയാക്കാൻ ശ്രമം നടത്തുകയും ഇതിൽ നടൻ ദിലീപിനെ കേന്ദ്ര കഥാപാത്ര മാക്കാനും ഉദ്ദേശിച്ചിരുന്നു.
എന്നാൽ നടിയെ ആക്രമിച്ച കേസ് വന്നതോടെ അതും മുടങ്ങി. ഒരു സിനിമ കൂടി ചെയ്ത് ചരിത്രം സൃഷ്ടിക്കണമെന്ന മോഹം ബാക്കിയാക്കിയാണ് അജയൻ വിടപറഞ്ഞത്.