അമ്പലപ്പുഴ: വേദികളിലും ടെലിവിഷൻ ചാനൽ പരിപാടികളിലുമായി കാണികളെയു പ്രേക്ഷകരെയും കുടുകുടെ ചിരിപ്പിച്ച് മനം കവർന്ന കലാകാരൻ ഇന്ന് ജീവിക്കാൻ വഴിയോരത്ത് ജ്യൂസ് വിൽപ്പന നടത്തുന്നു.
അനുകരണ കലയിൽ അസാമാന്യ കഴിവ് പ്രകടിപ്പിക്കുന്ന സിനിമാ താരം കൂടിയായ തകഴി ഇലഞ്ഞിപ്പറമ്പ് വീട്ടിൽ അജയൻ തകഴിയാണ് ഇന്ന് കുടുംബം പുലർത്താൻ തെരുവിൽ തണ്ണി മത്തൻ ജ്യൂസ് വിൽപ്പന നടത്തുന്നത്.
എസ് ഡി കോളേജിലെ പഠത്തിന് ശേഷമാണ് അജയൻ മിമിക്രി കലാ രംഗത്തേക്ക് കടന്നത്.നീണ് 32 വർഷത്തെ കലാജീവിതത്തിനിടയിൽ ഭ്രമരം, ഞാൻ സഞ്ചാരി, ഇന്ന് രാവും പകലും ,ജൂനിയർ ബ്രദേഴ്സ് എന്നീ സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.
ഇതിനിടയിൽ വിവിധ ടെലിവിഷൻ ചാനലുകളിലെ ഹാസ്യ പരിപാടികളായ രസിക രാജൻ, കോമഡി സ്റ്റാർസ്, , കോമഡി മാസ്റ്റേഴ്സ് കോമഡി ഉത്സവ് തുടങ്ങിയ പരമ്പരകളിലൂടെ നിരവധി വർഷം ടെലിവിഷൻ പ്രേക്ഷകരെ ചിരിപ്പിച്ചിരുന്നു.
പിന്നീട് ഭാര്യയും മക്കളും മാതാവുമടങ്ങുന്ന കുടുംബത്തെ സംരക്ഷിക്കാനായി വീട്ടിൽത്തന്നെ പലചരക്ക് കട ആരംഭിച്ചു. പലരിൽ നിന്നായി ഏഴര ലക്ഷം രൂപ കടം വാങ്ങിയാണ് കട തുടങ്ങിയത്.
എന്നാൽ 2018 ലെ പ്രളയം ഈ കലാകാരന്റെ ജീവിതം മാറ്റിമറിച്ചു. പ്രളയത്തിൽ വീടും കടയുമെല്ലാം തകർന്നു.ഇതിന് ശേഷം കടം വീട്ടാൻ പോലും മാർഗമില്ലാതെ വന്നതോടെ നാട്ടിൽ നിന്ന് മാറി നിൽക്കേണ്ട അവസ്ഥയുണ്ടായി.
പിന്നീട് നാട്ടിൽ തിരിച്ചെത്തി തട്ടു കട തുടങ്ങിയെങ്കിലും ഇതിലും വിജയിക്കാൻ കഴിഞ്ഞില്ല. ഇതിന് ശേഷമാണ് അജയൻ തകഴി ജംഗ്ഷന് പടിഞ്ഞാറ് ഭാഗത്തായി കുടിവെള്ള വിതരണം ആരംഭിച്ചത്.
കത്തുന്ന വേനൽ ചൂടിൽ തണ്ണിമത്തനൊപ്പം ഏത്തക്ക, ക്യാരറ്റ്, മുന്തിരി ,പൈനാപ്പിൾ എന്നിവയുടെ കൂട്ടോടെയാണ് വിൽപ്പന നടത്തുന്നത്.
കുടുംബം പുലർത്താൻ പൊരി വെയിലത്ത് കുടിവെള്ള വിൽപന നടത്തുന്ന ഈ കലാകാരൻ അനുകരണ കല ഇനിയും ഉപേക്ഷിച്ചിട്ടില്ല.അജയൻ തകഴിയുടെ നമ്പർ 8606298787