അങ്കമാലി: അവിനാശി അപകടത്തിൽ അത്ഭുതകരമായി രക്ഷപ്പെട്ട അങ്കമാലി സ്വദേശി അജയ് സന്തോഷിന് ജീവിതത്തിലേക്ക് തിരിച്ചെത്തിയെന്ന് ഇനിയും വിശ്വസിക്കാനായിട്ടില്ല.
എന്താണ് സംഭവിച്ചതെന്ന് ഓർത്തെടുക്കുന്പോൾ നെഞ്ചിനുള്ളിൽ ഇപ്പോഴും ഒരു നടുക്കമാണ്. ഇടതുഭാഗത്തെ പിൻസീറ്റിലായിരുന്നതുകൊണ്ട് മാത്രം ജീവൻ തിരിച്ചുകിട്ടി. അല്ലായിരുന്നുവെങ്കിൽ … ഭയം നിഴലിച്ച നിറകണ്ണുകളുമായി അജയ് പറഞ്ഞു.
അപ്രതീക്ഷമായുണ്ടായ ഇടിയുടെ ശബ്ദവും ആഘാതവും മൂലം ഞെട്ടിയുണർന്നപ്പോൾ കാൽ എടുക്കാനാവാതെ കന്പിയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. മടിയിലും ചുമലിലുമായി ആളുകൾ കിടക്കുന്നു. ഒട്ടേറെ പേർ നിലത്തുവീണു കിടക്കുന്നു.
ബസിന്റെ ചില്ലുകൾ പൊട്ടിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. ആരൊക്കെയൊ ചേർന്ന് ഓരോരുത്തരേയും ആശുപത്രിയിലേക്കു കൊണ്ടുപോയി.
സീറ്റിനുള്ളിൽ കാൽ കുടുങ്ങിയതിനാൽ പെട്ടെന്ന് എഴുന്നേൽക്കാനായില്ല. ബാഗ് തപ്പിയപ്പോൾ നിലത്തുവീണു കിടപ്പുണ്ട്. ബാഗെടുത്തപ്പോഴേക്കും നാട്ടുകാരെത്തി ബസിനു പുറത്തേക്കു പൊക്കിയെടുത്ത് ആശുപത്രിയിലേക്കു കൊണ്ടുപോയി.
ഇടതുകാലിനും ചെവിയുടെ താഴെയും നെറ്റിക്കും ചുണ്ടിനുമാണ് പരിക്കുള്ളത്. തിരുപ്പൂരിലെ ആശുപത്രിയിൽ പ്രാഥമിക പരിശോധനകൾ നടത്തിയ ശേഷം ഓട്ടോറിക്ഷയിലാണ് റെയിൽവേ സ്റ്റേഷനിലേക്കു പോയത്.
നാട്ടിലെത്തിയ അജയ് അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലെത്തി പരിശോധനകൾ നടത്തി. വിദേശത്തുള്ള അച്ഛൻ സന്തോഷിന് അജയ് വീഡിയോ കോൾ ചെയ്തു. ബംഗളൂരു ദാസറഹള്ളി സപ്തഗിരി മെഡിക്കൽ കോളജിൽ ഒന്നാം വർഷ ഫിസിയോ തെറാപ്പി വിദ്യാർഥിയാണ് അജയ്.