കൊച്ചി: ’നീ ആരെടാ കല്ലട സുരേഷിന്റെ വണ്ടിക്കെതിരെ പോലീസിൽ പരാതി കൊടുക്കാൻ. നിനക്ക് അറിയില്ലേടാ കല്ലട സുരേഷ് ആരാണെന്ന്….’ എന്ന് ആക്രോശിച്ചായിരുന്നു ഒരുപറ്റം ജീവനക്കാർ തന്നെയും സീറ്റിലിരുന്ന യുവാക്കളായ രണ്ടു യാത്രക്കാരെയും ക്രൂരമായി മർദിച്ചതെന്ന് ആക്രമണത്തിനിരയായ അജയഘോഷ് എന്ന യാത്രക്കാരൻ. അതും പോരാഞ്ഞിട്ട് ബസിൽ നിന്ന് ഇറക്കിയശേഷം കരികല്ലുകൊണ്ട് പുറത്ത് ഇടിച്ചെന്നും തലയുടെ പിൻവശത്ത് കല്ലിന് എറിഞ്ഞെന്നും തിരുവനന്തപുരം സ്വദേശിയായ അജയഘോഷ് (40) പറഞ്ഞു. കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ് അജയ്ഘോഷ് ഇപ്പോൾ.
തിരുവനന്തപുരത്തുനിന്ന് രാത്രി 10 നാണു ബംഗളൂരുവിലേക്ക് ബസ് പുറപ്പെട്ടത്. കുറച്ചു കഴിഞ്ഞപ്പോഴേക്കും ഞാനൊന്ന് മയങ്ങി. കണ്ണു തുറക്കുന്പോൾ ഹരിപ്പാട് ആളൊഴിഞ്ഞിടത്ത് ബസ് നിർത്തിയിട്ടിരിക്കുകയാണ്. ബഹളം കേട്ട് പുറത്തേക്ക് നോക്കിയപ്പോൾ കുറച്ച് വിദ്യാർഥികൾ ജീവനക്കാരോടു തർക്കിക്കുന്നതാണു കണ്ടത്.
കാര്യം തിരക്കിയപ്പോൾ ബസ് ബ്രേക്ക് ഡൗണ് ആയെന്നും ഉടൻ പോകില്ലെന്നും വിവരം കിട്ടി. ഇത്ര രൂപ കൊടുത്ത് ടിക്കറ്റെടുത്ത യാത്രക്കാരെ പെരുവഴിയിൽ ഇട്ടിരിക്കുന്നതു ശരിയല്ലെന്നും വേറെ ബസ് ശരിയാക്കിത്തരണമെന്നും യാത്രക്കാർ ആവശ്യപ്പെട്ടു. എന്നാൽ ജീവനക്കാർ ഇതു കേൾക്കാൻ തയാറായില്ല. തിരുവനന്തപുരത്തുള്ള ഓഫീസിൽ വിളിച്ചപ്പോൾ മെക്കാനിക് വന്ന് കേടുപാടു പരിഹരിച്ച ശേഷം നീയൊക്കെ പോയാൽ മതിയെന്ന ധിക്കാരപരമായ മറുപടിയാണ് കിട്ടിയത്.
ഇതോടെ പോലീസിൽ വിവരം അറിയിച്ചു. പോലീസ് എത്തി പകരം യാത്രാസൗകര്യം ഏർപ്പെടുത്താൻ ബസ് ജീവനക്കാർക്കു കർശന നിർദേശം നൽകി. ഗത്യന്തരമില്ലാതെ മറ്റൊരു ബസ് വരുത്തി ഞങ്ങളെ അതിൽ കയറ്റി. ഇനി തർക്കം ഒന്നും വേണ്ടെന്നു പറഞ്ഞാണ് പോലീസ് ഞങ്ങളെ യാത്രയാക്കിയത്. എന്നാൽ ബസ് കൊച്ചിയിലെത്തിയപ്പോൾ ഒരുപറ്റം ആളുകൾ വണ്ടിയിൽ കയറി. എന്റെ കോളറിൽ പിടിച്ചുനിർത്തി ചോദിച്ചു. നീ ആണോടാ കല്ലട സുരേഷിന്റെ വണ്ടിക്കെതിരെ പോലീസിൽ പരാതി കൊടുത്തത്. നിനക്ക് അറിയില്ലേടാ കല്ലട സുരേഷ് ആരാണെന്ന്.. ഇങ്ങനെ ആക്രോശിച്ചുകൊണ്ട് മർദിക്കാൻ തുടങ്ങി. എന്നെ മർദിക്കുന്നത് കണ്ട് ബസിലുണ്ടായിരുന്ന വിദ്യാർഥികൾ ഇടപെട്ടു. 22 വയസിനടുത്ത് പ്രായം വരുന്ന ആ കുട്ടികളെ പിന്നീട് ക്രൂരമായിട്ടാണ് ഈ ഗുണ്ടകൾ മർദിച്ചത്.
ജീവനു ഭീഷണിയാകുന്ന തരത്തിൽ മർദനം തുടർന്നതോടെ ഞങ്ങൾ ബസിൽ നിന്നിറങ്ങി. എന്നിട്ടും അവർ വിട്ടില്ല. വലിച്ചിഴച്ച് തല്ലി. കുതറിയോടാൻ ശ്രമിച്ച എന്റെ തലയിൽ കരിങ്കല്ലു കൊണ്ട് എറിഞ്ഞു വീഴ്ത്തി. എന്റെ തലയിൽ ഇപ്പോഴും പരിക്കുണ്ട്. ആ കുട്ടികളോടു ചെയ്ത കൊടുംക്രൂരത കണ്ടുനിൽക്കാൻ കഴിയില്ല. കണ്ണിൽ ചോരയില്ലാത്ത ക്രൂരതയാണ് അവർ കാണിച്ചത്. തമിഴ്നാട്ടിൽ എവിടെയോ ഇവർ ചികിത്സയിലുണ്ടെന്നാണ് അറിഞ്ഞത്.
ഈ ദൃശ്യങ്ങൾ ഫേസ് ബുക്കിൽ ലൈവ് ചെയ്ത വ്യക്തിക്കെതിരെയും ഭീഷണിയുണ്ട്. എനിക്ക് നല്ല പേടിയുണ്ട്. അവർ ഞങ്ങളെ അപായപ്പെടുത്തുമോ എന്ന്. എന്റെ ബാഗും മൊബൈലും അവർ പിടിച്ചുവച്ചിരിക്കുകയാണ്. ബാഗിൽ ഒരുലക്ഷം രൂപയിൽ കൂടുതൽ പണമുണ്ടെന്നും അജയഘോഷ് പറയുന്നു.