കൊച്ചി: കോവിഡ് ഡ്യൂട്ടിയ്ക്കിടെ തലയ്ക്കു ഗുരുതര പരുക്കേറ്റു ചികിത്സയിലായിരുന്ന സിവില്‍ പോലീസ് ഓഫീസര്‍ അജീഷ് പോള്‍ ആശുപത്രി വിട്ടു.
നഷ്ടപ്പെട്ട സംസാരശേഷിയും ചലനശേഷിയും മെച്ചപ്പെട്ട നിലയിലാണു 24 ദിവസത്തെ ചികിത്സക്കുശേഷം അജീഷ് വീട്ടിലേക്ക് മടങ്ങിയത്.
ഫിസിയോ തെറാപ്പി, സ്പീച്ച് തെറാപ്പി ചികിത്സകളുടെ സഹായത്തോടെ അജീഷിന്റെ സംസാരശേഷിയും കൈകാലുകളുടെ ചലന ശേഷിയും ഏകദേശം സാധാരണ നിലയിലേക്ക് എത്തിക്കാന്‍ വൈദ്യസംഘത്തിന് സാധിച്ചിട്ടുണ്ട്.
ഇപ്പോള്‍ ചെറിയ കാര്യങ്ങള്‍ മനസിലാക്കുവാനും സംസാരിക്കുവാനും സാധിക്കുന്നുണ്ട്. ആറ് മാസത്തോളം അജീഷ് പോളിന് സ്പീച്ച് തെറാപ്പി ആവശ്യമായിവരും.
മാസ്ക് വയ്ക്കാത്തത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണു ജൂണ്‍ ഒന്നിനു യുവാവ് അജീഷ് പോളിനെ മര്‍ദിച്ചത്. അക്രമണത്തില്‍ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു.
തലയോട്ടി തകര്‍ന്ന് തലച്ചോറില്‍ രക്തം കട്ടപിടിക്കുകയും ആ ഭാഗത്ത് ഗുരുതരമായ ചതവും സംഭവിച്ചിരുന്നു. തലച്ചോറിന്റെ ഇടതുവശത്ത് സംസാരശേഷി നിയന്ത്രിക്കുന്ന സ്പീച്ച് സെന്റര്‍ സ്ഥിതിചെയ്യുന്ന ഭാഗത്ത് കനത്ത പ്രഹരമേറ്റതാണ് ഗൗരവം മൂര്‍ച്ചിക്കാന്‍ ഇടയാക്കിയത്.
ആറു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്കുശേഷമാണു വെന്റിലേറ്ററിലേക്ക് മാറ്റിയത്.അജീഷ് പോളിനെ മന്ത്രി പി. രാജീവ് സന്ദര്‍ശിച്ചു. അജീഷിനെ ജീവിതത്തിലേക്ക് തിരികെ കൈപിടിച്ച് നടത്തിയ വൈദ്യസംഘത്തിനെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു.