കോഴിക്കോട്: ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയ യുവാവിനെയും സുഹൃത്തുക്കളേയും ഇന്നോവകാറിലെത്തി ആക്രമിച്ച സംഭവത്തിന് പിന്നില്‍ തീവ്രവാദബന്ധമെന്ന് സൂചന.ബംഗളൂരു സ്ഫോടന കേസ് കാശ്മീര്‍ റിക്രൂട്ട്മെന്റ് കേസ് തുടങ്ങി നിരവധി തീവ്രവാദ കേസുകളില്‍ പങ്കുള്ള തടിയന്റവിട നസീറിന്റെ സഹരോദരന്‍ സംഭവത്തില്‍ പങ്കുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.
ഇതുസംബന്ധിച്ച് ഇന്റലിജൻസ് റിപ്പോർട്ട് നൽകിയതായി അറിയുന്നു.നസീറിന്റെ ഈ സഹോദരൻ കോഴിക്കോട് മെഡിക്കല്‍കോളജ് സ്റ്റേഷന് പരിധിയിലുള്ള ലോഡ്ജില്‍ താമസിച്ചിരുന്നു. ഇയാളെ കഴിഞ്ഞ ദിവസം തൃശൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തൃശൂര്‍ കേന്ദ്രീകരിച്ച് നടത്തിയ കവര്‍ച്ചയുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിലാണ് ഇയാളെ കോഴിക്കോട് നിന്ന് പിടികൂടിയത്.
അതേസമയം തീവ്രവാദ കേസുകളുടെ നടത്തിപ്പിനും മറ്റും ഫണ്ട് കണ്ടെത്തുന്നതിന് കവര്‍ച്ച നടത്താനുള്ള സാധ്യതയുണ്ടെന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം ആഭ്യന്തരവകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇത് സാധൂകരിക്കും വിധത്തിലാണിപ്പോള്‍ കവര്‍ച്ചാക്കേസില്‍ നസീറിന്റെ സഹോദരനിലേക്ക് സംശയം നീളുന്നത്.
ഇയാൾ സമാന കേസുകളിൽ പ്രതിയായിട്ടുണ്ടെന്നാണ് പോലീസ് നൽകുന്ന വിവരം. കുഴൽപണം, അനധികൃത സ്വർണം തുങ്ങിയവ കാർ തടഞ്ഞ് കൊള്ളയിക്കുന്നതാണ് സംഘത്തിന്റെ രീതി. സംഭവവുമായി ബന്ധപ്പെട്ട് പ്രതികളില്‍ ഒരാളെ അന്വേഷണസംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്.
തിരുവല്ല നിരണം മുണ്ടനാരില്‍ വീട്ടില്ല് ശ്രീധരന്റെ മകന് അജീഷ് അഭി(30)നെയാണ് മെഡിക്കല്‍കോളജ് പോലീസ് അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് ഇനിയും അഞ്ചുപേരെ കൂടി അറസ്റ്റ് ചെയ്യാനുണ്ട്. ഒന്നരമാസമായി മൊബൈല്‍ കോളുകളും ടവര്‍ലൊക്കേഷനും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളില്‍ ഒരാളെ പിടികൂടാനായത്. കൂട്ടുപ്രതികളെ കുറിച്ചുള്ള വിവരങ്ങളും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്.
സപ്തംബര്‍ ഏഴിനാണ് ദുബായില്‍ നിന്ന് സ്വര്‍ണം കൊണ്ടുവരുന്ന കാറാണെന്ന് തെറ്റിദ്ധരിച്ച് മുക്കം സ്വദേശിയായ മുഹമ്മദ് ജംനാസ് സഞ്ചരിച്ചിരുന്ന കാര്‍ തട്ടിയെടുത്തത്. പൊറ്റമ്മല്‍ ജംഗ്ഷന് സമീപത്തായിരുന്നു സംഭവം. ഗള്‍ഫില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ ശേഷം കോഴിക്കോട് ഭാഗത്തേക്കു വരുന്നതിനിടെയാണ് മുക്കം കുമാരനല്ലൂര്‍ മമ്പാട്ട് വീട്ടില്‍ മുഹമ്മദ് ജംനാസും സുഹൃത്തുക്കളും ആക്രമണത്തിനിരയായത്.
സുഹൃത്തുക്കളായ തണ്ണീര്‍പന്തല്‍ സ്വദേശി ഷിയാദിനും പൂളക്കടവ് സ്വദേശി മനാഫിനുമൊപ്പമാണ് മുഹമ്മദ് ജംനാസ് കെഎല്‍ 11 എഎല്‍ 1666 നമ്പര്‍ കാറില്‍ നാട്ടിലേക്ക് തിരിച്ചത്. നാട്ടിലേക്കുള്ള യാത്രയ്ക്കിടെ കോഴിക്കോട് അശോക ആശുപത്രിയില്‍ പ്രസവത്തിനായി പ്രവേശിപ്പിച്ച ഭാര്യയെ കാണാന്‍ ജംനാസ് പോകവെയാണ് അക്രമം നടന്നത്. തട്ടിയെടുക്കപ്പെട്ട കാര്‍ മണിക്കൂറുകള്‍ക്ക് ശേഷം അഴിഞ്ഞിലത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി.
ആളു മാറി ആക്രമിച്ചതാവാമെന്ന സംശയത്തിലായിരുന്നു പോലീസ്. കൂത്തുപറമ്പ് സ്വദേശിയെ ലക്ഷ്യമിട്ടുള്ള ആക്രമണമാണിതെന്നായിരുന്നും പോലീസിന് സംശയമുണ്ടായിരുന്നു. ആക്രമണത്തിനിരയായ മുക്കം കുമാരനല്ലൂര്‍ മമ്പാട്ട് വീട്ടില്‍ മുഹമ്മദ് ജംനാസ് വിദേശത്ത് നിന്ന് വന്ന അതേ വിമാനത്തില്‍ കൂത്തുപറമ്പ് സ്വദേശിയും ഉണ്ടായിരുന്നു.
ഇവരെ നാട്ടിലേക്ക് കൊണ്ടുപോവാനായി കൂത്തുപറമ്പില്‍ നിന്നും ആള്‍ട്ടോ കാറും വിമാനതാവളത്തില്‍ എത്തിയിരുന്നതായി പോലീസിന് വിവരം ലഭിച്ചു. ഈ സമയം തന്നെയാണ് ജംനാസിന്റെ സുഹൃത്തുക്കളും ആള്‍ട്ടോ കാറുമായി കരിപ്പൂരിലെത്തിയത്. ഇതാണ് സംശയത്തിന് വഴിയൊരുക്കിയത്. അതിനിടെയാണ് മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനിടെ പ്രതികളെ കുറിച്ച് ചില സൂചനകള്‍ ലഭിച്ചത്.