നെടുങ്കണ്ടം: കുഞ്ഞ് അജീഷയ്ക്ക് ലോകം കാണാൻ അവസരം ഒരുങ്ങുന്നു. ജന്മനാ തിമിരം ബാധിച്ചതിനെത്തുടർന്ന് കാഴ്ചശക്തിയില്ലാതായ മൂന്നുവയസുകാരി പാറത്തോട് പ്ലാത്തറയ്ക്കൽ അനുവിന്റെ മകൾ അജീഷയുടെ ശസ്ത്രക്രിയയും മറ്റു ചികിത്സകളും നെടുങ്കണ്ടം റോട്ടറി കാർഡമം സിറ്റി ക്ലബ്ബ് ഏറ്റെടുത്തു.
നിർധന കുടുംബത്തിന്റെ അവസ്ഥ ദീപിക റിപ്പോർട്ട് ചെയ്തിരുന്നു. ഇത് ശ്രദ്ധയിൽ പ്പെട്ടതോടെയാണ് റോട്ടറി കാർഡമം സിറ്റി ക്ലബ്ബ് അംഗങ്ങൾ അനുവിന്റെ വീട്ടിലെത്തി ചികിത്സാച്ചെലവുകൾ ഏറ്റെടുത്തത്.
ഭർത്താവ് ഉപേക്ഷിച്ചതോടെ രണ്ട് കുട്ടികളുമായി അനു പാറത്തോട് സുബ്ബുകണ്ടംപാറയിലെ കൊച്ചുവീട്ടിലാണ് കഴിയുന്നത്.
രണ്ട് മുറികൾ മാത്രമുള്ള ചോർന്നൊലിക്കുന്ന ഈ വീട്ടിൽ ഇവരെക്കൂടാതെ മാതാപിതാക്കളും സഹോദരങ്ങളും ഉൾപ്പടെ അഞ്ച് അംഗങ്ങൾക്കൂടി താമസിക്കുന്നുണ്ട്.
അനുവിന്റെ പിതാവ് കൂലിപ്പണിയെടുത്താണ് ഈ എട്ടംഗ കുടുംബത്തെ സംരക്ഷിക്കുന്നത്. ഇതിനിടെയാണ് അജീഷയ്ക്ക് കാഴ്ചശക്തിയില്ലെന്ന് അറിയുന്നത്.
ഓടിനടക്കുന്പോൾ തട്ടിവീഴുന്നതും ശബ്ദത്തിനനുസരിച്ച് പ്രതികരിക്കുന്നതും ശ്രദ്ധയിൽപെട്ടപ്പോഴാണ് കുട്ടിക്ക് കാഴ്ചയ്ക്ക് പ്രശ്നമുണ്ടെന്ന് മനസിലായത്.
വിശദമായ പരിശോധനയിൽ രണ്ട് ശസ്ത്രക്രിയകൾ നടത്തിയാൽ കാഴ്ച തിരിച്ചുകിട്ടുമെന്ന് ഡോക്ടർമാർ പറഞ്ഞു. എന്നാൽ, ഈ നിർധന കുടുബത്തിന് ശസ്ത്രക്രിയയ്ക്കും മറ്റു ചിലവുകൾക്കുമായി തുക കണ്ടെത്താൻ കഴിയുമായിരുന്നില്ല.
ഇതോടെയാണ് സഹായഹസ്തവുമായി നെടുങ്കണ്ടം റോട്ടറി കാർഡമം സിറ്റി ക്ലബ്ബ് അംഗങ്ങൾ ഇവരുടെ വീട്ടിലെത്തിയത്.
ശസ്ത്രക്രിയയും മറ്റ് ചെലവുകളും ക്ലബ്ബ് ഏറ്റെടുത്തതായി ക്ലബ്ബ് പ്രസിഡന്റ് രാജേഷ്കുമാറും മറ്റ് അംഗങ്ങളും പറഞ്ഞു. എറണാകുളം ഗിരിധർ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തുന്നത്. ഈമാസം 18 ന് കുട്ടിയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യും.