സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഭാര്യയുമായി തന്പാനൂരിലെ ഹോട്ടലിൽ താമസിച്ചപ്പോഴുണ്ടായ പ്രശ്നങ്ങളും ഇതേത്തുടർന്നുള്ള വൈരാഗ്യവുമാണ് ഹോട്ടൽ ജീവനക്കാരനായ അയ്യപ്പന്റെ കൊലപാതകത്തിലേക്കു നയിച്ചതെന്നു പ്രതി അജീഷിന്റെ വെളിപ്പെടുത്തൽ.
കഴിഞ്ഞ ഒക്ടോബർ 29നു അജീഷും ഭാര്യയും തന്പാനൂരിൽ അയ്യപ്പൻ റിസപ്ഷനിസ്റ്റായി ജോലി നോക്കുന്ന ഹോട്ടലിൽ എത്തി താമസിച്ചിരുന്നു.
ഇതിനിടയിൽ അയ്യപ്പൻ വല്ലാത്ത രീതിയിൽ കളിയാക്കിയിരുന്നു. നെടുമങ്ങാടു നിന്ന് തിരുവനന്തപുരത്ത് വന്ന് എന്തിനു മുറിയെടുത്തു താമസിക്കുന്നുവെന്നു ചോദിച്ചിരുന്നു.
ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വാക്കേറ്റവുമുണ്ടായി. ഇതേത്തുടർന്നുള്ള വൈരാഗ്യമാണു അരുംകൊലയിൽ കലാശിച്ചതെന്നാണു അജീഷ് പോലീസിനു നൽകിയിട്ടുള്ള മൊഴി.
എന്നാൽ പോലീസ് ഇതു മുഖവിലയ്ക്കെടുത്തിട്ടില്ല. ഇത്തരമൊരു ചെറിയ കളിയാക്കൽ ക്രൂരമായ കൊലപാതകത്തിൽ കലാശിക്കുമെന്നു കരുതുന്നില്ല.
കൊലപാതകത്തിലേക്കു നയിച്ച വൈരാഗ്യത്തിനു പിന്നിൽ ഇരുവരും തമ്മിലുള്ള വലിയ ശത്രുതയുണ്ടെന്നാണു കരുതുന്നത്.
എന്നാൽ ഇക്കാര്യങ്ങൾ ഇതുവരെ അജീഷ് വ്യക്തമാക്കിയിട്ടില്ല. ഇന്നലെ രാവിലെ ആയുധവുമായി ബൈക്കിലെത്തിയ അജീഷ് ഹോട്ടലിലെ റിസപ്ഷൻ കസേരയിലിരുന്ന അയ്യപ്പനെ തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു.
അരിശം തീരാതെ മരിച്ചുവെന്ന് ഉറപ്പാക്കാൻ കഴുത്തു മുറിക്കുന്ന തരത്തിലുള്ള ക്രൂര കൃത്യവും നടത്തി. സ്വബോധത്തിൽ ഒരാൾക്ക് ഇത്തരത്തിലുള്ള അരുംകൊല നടത്താൻ കഴിയില്ലെന്നാണു പോലീസ് ഉദ്യോഗസ്ഥർ പറയുന്നത്.
ഹോട്ടലിലുണ്ടായിരുന്ന റൂം ബോയ് ശൂചീകരണ ജോലികളുമായി ബന്ധപ്പെട്ടു നിൽക്കുന്നതിനിടയിലായിരുന്നു നാടിനെ നടുക്കിയ കൊല നടന്നത്.
റൂം ബോയ് മടങ്ങിയെത്തുന്പോൾ ക്രൂരമായി വെട്ടിനുറുക്കിയ നിലയിലുള്ള അയ്യപ്പന്റെ മൃതദേഹമാണു കാണാനായത്.
കൊലപാതകത്തിന് ശേഷം ആയുധവുമായി നെടുമങ്ങാട് എത്തിയ അജീഷ് വീട്ടിലെത്തി ആയുധം ഉപേക്ഷിച്ച ശേഷം സമീപത്തെ പാലത്തിൽ ഇരിക്കുന്പോഴാണ് അറസ്റ്റ് ചെയ്തത്.
പോലീസ് ചോദ്യം ചെയ്യലിൽ ആയുധം അടക്കം ഇയാൾ കാട്ടിക്കൊടുത്തിരുന്നു.
നെടുമങ്ങാട് പോലീസ് സ്റ്റേഷനിലെ ക്രിമിനലുകളുടെ പട്ടികയിലുള്ളയാളാണ് അജീഷ്. കൊലപാതകത്തിനായി ഉപയോഗിച്ച ആയുധവും പോലീസ് കണ്ടെടുത്തു.
നേരത്തെ കൊലപാതക കേസ് അടക്കം ഒട്ടേറെ കേസുകളിൽ പ്രതിയായ ഇയാളെ രാത്രി വൈകിയും പോലീസ് ചോദ്യം ചെയ്ത് വരികയാണ്.
ഹോട്ടലിലേയും സമീപ പ്രദേശങ്ങളിലേയും സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് അരുംകൊല നടത്തിയ ആളിന്റെ ചിത്രങ്ങൾ അടക്കം പോലീസ് ശേഖരിച്ചത്.
തുടർന്നു നടത്തിയ അന്വേഷണത്തിലാണ് നെടുമങ്ങാട് സ്വദേശിയായ അജീഷാണെന്നു വ്യക്തമായത്. തുടർന്നാണ് ഇയാൾ പിടിയിലായത്. തന്പാനൂരിൽ നടന്ന ക്രൂര കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
നാലു വർഷമായി തന്പാനൂരിലെ ഹോട്ടലിലെ ജീവനക്കാരനാണ് നാഗർകോവിൽ കോട്ടാർ സ്വദേശിയായ അയ്യപ്പൻ. കോവിഡ് സമയത്ത് നാട്ടിലേക്കു പോയ ഇയാൾ ഒന്പതു മാസം മുന്പാണ് തിരിച്ചെത്തി ഹോട്ടലിൽ ജോലിയിൽ പ്രവേശിച്ചത്.
അജീഷ് നിരവധി കേസുകളിലെ പ്രതി
നെടുമങ്ങാട്: തമ്പാനൂർ സിറ്റിടവർ ഹോട്ടലിലെ റിസപ്ഷനിസ്റ്റ് അയ്യപ്പനെ കൊലപ്പെടുത്തിയ പ്രതി അജീഷ്(ഹരീഷ് )നിരവധി കേസുകളിലെ പ്രതിയെന്ന് പോലീസ്.
ആറ്റിങ്ങൽ കോരാണിയിൽ ഭാര്യയുടെ സുഹൃത്തിനെ കുത്തി പരിക്കേൽപ്പിച്ച കേസിൽ പ്രതിയായ അജീഷ് നെടുമങ്ങാട് പോലീസ് സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റിലുള്ളയാളാണ്.
പനവൂർ കല്ലിയോട് സ്വദേശിയായ ഇയാൾ കൊലപാതകത്തിനുശേഷം ആയുധവുമായി നെടുമങ്ങാട് കല്ലിയോട് ആനായി കോണത്ത് ഒരു പാലത്തിൽ ഇരിക്കുന്പോഴാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.
കൊലയ്ക്ക് ഉപയോഗിച്ച ആയുധവും പോലീസിന് ലഭിച്ചു. നേരത്തെയും പല കേസുകളിൽ പ്രതിയായ അജീഷിനെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.
ഹോട്ടലിൽ മുറിയെടുക്കാൻ എത്തിയപ്പോൾ റിസപ്ഷനിസ്റ്റായ അയ്യപ്പനുമായി ഇയാൾ തർക്കമുണ്ടാക്കിയിരുന്നുവെന്ന് പോലീസ് പറഞ്ഞു .
നെടുമങ്ങാട് സിഐ സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്ഐ സുനിൽ ഗോപി അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.