മറയൂരിൽ വാഹന പരിശോധനയ്ക്കിടെ പരിക്കേറ്റ സിവിൽ പോലീസ് ഓഫീസർ അജീഷ് സഹപ്രവർത്തരുമായി വീഡിയോ കോളിലുടെ സംസാരിക്കുന്ന വീഡിയോ വൈറലാകുന്നു.
കഴിഞ്ഞ ദിവസം രാവിലെയാണ് വാഹന പരിശോധനയ്ക്കിടെ മറയൂർ സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ അജീഷ് പോളിനും എസ്എച്ച്ഒ രതീഷ് ജിഎസിനും ഗുരുതര മർദ്ദനമേറ്റത്.
രാവിലെ പട്രോളിങ്ങിനിടയില്‍ സിഐയും രണ്ട് പോലീസുദ്യോഗസ്ഥരും കോവില്‍ക്കടവ് ടൗണില്‍ എത്തിയതായിരുന്നു.
ഒരു യുവാവ് മാസ്ക് ധരിക്കാതെ നില്‍ക്കുന്നതുകണ്ട ഇന്‍സ്പെക്ടര്‍ പോലീസ് വാഹനം നിര്‍ത്തി ചോദ്യംചെയ്തു. പ്രകോപിതനായ കോവിൽക്കടവ് സ്വദേശി സുലൈമാൻ ഇന്‍സ്പെക്ടറെ അസഭ്യം പറഞ്ഞു.
അജീഷ് പോളും ഡ്രൈവര്‍ സജുസണ്ണും വാഹനത്തില്‍നിന്നിറങ്ങിയപ്പോള്‍ ഇയാള്‍ സമീപത്തുകിടന്നിരുന്ന വലിയ കല്ലെടുത്ത് അജീഷ് പോളിന്റെ തലയിലിട്ടു.
കല്ലുകൊണ്ടുള്ള ആക്രമണത്തിൽ അജീഷ് പോളിന്റെ തലയോട്ടി തകർന്നു. ഇടത് ചെവിയ്ക്ക് പിറകിലായിട്ടാണ് പരിക്ക്.
അജീഷിനൊപ്പം പരിക്കേറ്റ എസ്എച്ച്ഒ രതീഷ് ആശുപത്രി വിട്ടു.വീഡിയോ കോളിലുടെ തന്റെ സഹപ്രവർത്തകരെ കണ്ട അജീഷിന്റെ സന്തോഷം ആരുടെയും കണ്ണു നിറക്കും. സഹപ്രവർത്തകരെ തിരിച്ചറിയാൻ അജേഷ് ശ്രമിക്കുന്നുണ്ട്.