മഹാരാഷ്ട്രയിലെ ആജിബായ്ചി ശാല സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ മുത്തശ്ശിമാരാണ്. അക്ഷരങ്ങളറിയില്ലെങ്കിലും ഇവര്‍ക്ക് തൊട്ടാല്‍ പൊള്ളുന്ന ജീവിതകഥകളറിയാം. ഗുണനവും ഹരണവുമറിയില്ലെങ്കിലും കൂട്ടികിഴിച്ച് പട്ടിണി ഇല്ലാതെ ജീവിക്കാനറിയാം. കൂടുതല്‍ പഠിക്കാനുണ്ടെന്ന തോന്നലാണ് മുത്തശ്ശിമാരെ താനെ ജില്ലയിലെ ആജിബായ്ചി സ്‌കൂളിലെത്തിച്ചത്.
60 മുതല്‍ 90 വയസ് വരെയുള്ളവരാണ് പഠനത്തിനായി സ്‌കൂളിലെത്തുന്നത്. പിങ്ക് യൂണിഫോം ധരിച്ച് ക്ലാസ്മുറിയില്‍ ഒരുമിച്ചിരുന്ന് പഠിക്കാന്‍ മുത്തശ്ശിമാര്‍ക്ക് ഏറെ ഇഷ്ടമാണ്. മറാത്തിയും അടിസ്ഥാന ഗണിതവുമാണ് ഇവിടെ പഠിപ്പിക്കുന്നത്. 2016 മാര്‍ച്ച 8 ന് വനിതാ ദിനത്തിലാണ് ആജിബായ്ചി സ്‌കൂള്‍ ആരംഭിച്ചത്. 27 മുത്തശിമാര്‍ ഇന്ന് സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ്.
90 വയസുകാരിയായ സീതാഭായ് ദേശ്മുഖാണ് മുതിര്‍ന്ന വിദ്യാര്‍ത്ഥിനി. ചില ദിവസങ്ങളില്‍ സീതാഭായ്‌യോടൊപ്പം പേരക്കുട്ടി അനുഷ്‌കയും ക്ലാസിലെത്തും. ജീവിതത്തിലൊരിക്കലും സ്‌കുളില്‍ പോയി പഠിക്കാന്‍ സാധിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് സീതാഭായ് ദേശ്മുഖ് പറഞ്ഞു. ഒരു വര്‍ഷമായി പുതിയൊരു ജീവിതമാണ് തങ്ങളനുഭവിക്കുന്നതെന്നാണ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം പറയുന്നത്.
മോത്തിറാം ദലാല്‍ പരിഷത്ത് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് സ്‌കൂള്‍ ആരംഭിച്ചത്. സ്ഥാപകന്‍ യോഗേന്ദ്ര ബങ്കറോട് ഒരു മുത്തശ്ശി വിശുദ്ധ ഗ്രന്ഥങ്ങള്‍ വായിക്കാനുള്ള അക്ഷരങ്ങളെങ്കിലും അറിഞ്ഞിരുന്നെങ്കിലെന്ന് പറഞ്ഞ തായിരുന്നു പ്രചോദനം. സൗജന്യമായാണ് പഠനം. മുപ്പതു വയസുകാരിയായ ശീതള്‍ മോര്‍ ആണ് ഏക അദ്ധ്യാപിക. മുത്തശിമാരെ പഠിപ്പിക്കാമോ എന്ന് ആവശ്യപെട്ടപ്പോള്‍ വളരെ സ്‌ന്തോഷത്തോടെ ഉത്തരവാദിത്തം ഏറ്റെടുക്കുകയായിരുന്നു എന്ന് യോഗേന്ദ്ര പറഞ്ഞു. ശീതള്‍ മോറിന്റെ ഭര്‍ത്താവിന്റെ അമ്മയും സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്.
ഈ റിപ്പബ്ലിക് ദിനത്തില്‍ സ്‌കൂള്‍ കുറച്ചുകൂടി സൗകര്യമുളള സ്ഥലത്തേക്ക് മാറ്റിയിരുന്നു. പതാകയുയര്‍ത്തി വിവിധ കലാപരിപാടികള്‍ നടത്തിയാണ് സ്‌കൂളില്‍ റിപ്പബ്ലിക് ദിനമാഘോഷിച്ചത്. ഓരോ വിദ്യാര്‍ത്ഥികള്‍ക്കും സ്വന്തമായൊരു മരവും സകൂള്‍ മുറ്റത്ത് നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഇവ പരിപാലിക്കേണ്ടതിന്റെ പൂര്‍ണ ഉത്തരാവാദിത്തം വിദ്യാര്‍ത്ഥികള്‍ക്ക് തന്നെയാണ്.