കോതമംഗലം: കോതമംഗലത്തും പരിസര പ്രദേശങ്ങളിലുമുള്ള സ്ത്രീകളേയും പൊതുപ്രവർത്തകരേയും അപകീർത്തിപെടുത്തും വിധം സോഷ്യൽ മീഡിയയിൽ വ്യാജ വാർത്തകളും അശ്ലീല സന്ദേശങ്ങളും അയയ്ക്കുകയും സ്ത്രീകളെ ഫോണിൽ വിളിച്ച് അസഭ്യം പറയുകയും ചെയ്തയാളെ കോതമംഗലം പോലീസ് പിടികൂടി.
ചൂണ്ടി സ്വദേശി കളിപ്പറന്പിൽ അജിൽ (39) ആണ് അറസ്റ്റിലായത്. സ്ത്രീകളുടെ ഫോണ് നന്പറുകളിൽ വിളിച്ച് അശ്ലീലം പറയുകയും അവരുടെ ഫോട്ടോ സംഘടിപ്പിച്ച് അശ്ലീല പോസ്റ്റുകൾ ഇടുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
പ്രതിക്കെതിരേ കോതമംഗലം ഉൾപ്പെടെ നിരവധി സ്റ്റേഷനുകളിൽ കേസുകൾ നിലവിലുള്ളതായും മുന്പ് സമാന കുറ്റങ്ങളുടെ പേരിൽ ജയിൽ ശിക്ഷ അനുഭവിച്ചിരുന്നതായും പോലീസ് പറഞ്ഞു.അടുത്ത കാലത്ത് ഷോജി വധക്കേസുമായി ബന്ധപ്പെട്ട് കോടതിയേയും പോലീസ് ഉദ്യോഗസ്ഥരേയും പൊതുപ്രവർത്തകരേയും അധിക്ഷേപിക്കുംവിധം ഇയാൾ സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഇട്ടിരുന്നു.
മാതിരപ്പിള്ളി സ്വദേശിനിയുടേയും ചോറ്റാനിക്കര സ്വദേശിയുടേയും പരാതിയുടെ അടിസ്ഥാനത്തിൽ കോതമംഗലം സിഐ അഗസ്റ്റിൻ മാത്യു, എസ്ഐ ബേസിൽ തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കയ പ്രതിയെ റിമാൻഡ് ചെയ്തു.