ആലപ്പുഴ : അസമയങ്ങളിൽ സ്ത്രീകളെ ആക്രമിച്ച് ആഭരണങ്ങൾ അപഹരിച്ചിരുന്ന മോഷ്ടാവ് പിടിയിൽ. പത്തിയൂർ വാഴപ്പള്ളി പടിഞ്ഞാറേത്തറയിൽ അജി എന്ന് വിളിക്കുന്ന നിതിനാ (33) ണ് പിടിയിലായത്. മാവേലിക്കര, കരീലക്കുളങ്ങര, കായംകുളം എന്നീ പ്രദേശങ്ങളിലാണ് കവർച്ച നടത്തിയിട്ടുള്ളത്.
18 ഓളം സ്ത്രീകളെ ആക്രമിച്ച് സ്വർണാഭരണങ്ങൾ അപഹരിച്ചിട്ടുണ്ട്. രാത്രി എട്ടുമുതൽ 11 വരെയും പുലർച്ചെനാലു മുതൽ 5.30 വരെയുമുള്ള സമയത്താണ് കവർച്ച. ഈ സമയങ്ങളിൽ വീടിനു പുറത്തിറങ്ങുന്ന സ്ത്രീകളെ നിരീക്ഷിച്ച ശേഷമാണ് മോഷണം നടത്തുന്നത്. പുലർച്ചെ ക്ഷേത്രങ്ങളിലും മറ്റും പോകുന്ന സ്ത്രീകളും വീടിനു വെളിയിലും ടെറസ്സിലും എത്തുന്ന സ്ത്രീകളുമാണ് ആക്രമണത്തിനിരയായത്.
25 പവനോളം കണ്ടെടുത്തിട്ടുണ്ട്. ജില്ല പോലീസ് മേധാവി കെ.എം. ടോമിയുടെ നിർദേശാനുസരണം മാവേലിക്കര എസ്എച്ച്ഓ ബി. വിനോദ് കുമാറിന്റെ നേതൃത്വത്തിൽ രൂപീകരിച്ച അന്വേഷണ സംഘമാണ് പ്രതിയെ വലയിലാക്കിയത്.