കറുകച്ചാൽ: കാണാതായ കാമറ തേടി അലയാത്ത സ്ഥലമില്ല. ഒടുവിൽ വാട്സ് ആപ്പ് തുണയായി. ഫോട്ടോഗ്രാഫറായ ഓച്ചിറ വല്യേത്ത് വടക്കേതിൽ അജിൻഷാ സുഹൃത്തിന്റെ കാമറയുമായി മൂന്നാറിൽ ഫോട്ടോ ഷൂട്ടിനായി കഴിഞ്ഞ 24ന് പോയി. ജോലി കഴിഞ്ഞ ് ഓച്ചിറയിലേക്ക്് മടങ്ങുന്പോൾ കാമറയും ബാഗും കറുകച്ചാലിൽവച്ച് നഷ്ടപ്പെട്ടു. എന്നാൽ കാമറ നഷ്ടമായ വിവരം വീട്ടിലെത്തിയപ്പോഴാണ് അജിൻഷാ അറിഞ്ഞത്.
രാത്രി ഏഴരയോടെ കറുകച്ചാൽ-മല്ലപ്പള്ളി റോഡിൽ കിടന്ന ബാഗ് സമീപത്തെ ഹോട്ടലുടമയായ രാമാനുജനാണ് കണ്ടത്. ബാഗ് പരിശോധിച്ചപ്പോൾ കാമറയാണെന്ന് മനസിലാക്കിയ രാമാനുജൻ കറുകച്ചാൽ പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് മടങ്ങി.
എന്നാൽ പേരോ, മറ്റ് വിലാസങ്ങളോ ഇല്ലാത്തതിനാൽ ഉടമയെ കണ്ടെത്തുക ബുദ്ധിമുട്ടായി. കാമറ സർവീസ് ചെയ്തിരുന്ന കടയിലെ സ്റ്റിക്കറാണ് പോലീസിന് തുന്പായത്. സ്റ്റിക്കറിൽ കണ്ട നന്പറിൽ ബന്ധപ്പെട്ടെങ്കിലും ഉടമയെ കണ്ടെത്തുക ബുദ്ധിമുട്ടാണെന്ന് കടയുടമ പറഞ്ഞു. ഇതോടെ പോലീസും വലഞ്ഞു.
കാമറ കണ്ടെത്തുവാനായി വിവിധ സ്ഥലങ്ങളിലെത്തി ഇതിനോടകം അജിൻഷാ പരിശോധനയും നടത്തിയിരുന്നു. ഒടുവിൽ സർവീസ് സെന്റർ ഉടമ നഷ്ടപ്പെട്ട കാമറ കറുകച്ചാൽ പോലീസ് സ്റ്റേഷനിലുണ്ടെന്ന് കാട്ടി ഫോട്ടോഗ്രാഫർമാരുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ഇട്ടു.
ഇത് ശ്രദ്ധയിൽപ്പെട്ട ഒരു സുഹൃത്ത് അജിൻഷായെ വിളിച്ചറിയിക്കുകയായിരുന്നു. തുടർന്ന് കറുകച്ചാൽ പോലീസ് സ്റ്റേഷനിലെത്തി നഷ്ടപ്പെട്ട കാമറ തിരികെ വാങ്ങി.