ജമ്മുകാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതില്‍ ഏറെ അസ്വസ്ഥരാണ് അവിടെയുള്ള വിഘടനവാദികള്‍. അതിനാല്‍ തന്നെ ഇന്ത്യന്‍ സേന കാഷ്മീരി ജനതയെ ക്രൂരമായി പീഡിപ്പിക്കുകയാണെന്ന തരത്തില്‍ വിദേശ മാധ്യമങ്ങള്‍ക്കു മുമ്പില്‍ വ്യാജ വെളിപ്പെടുത്തല്‍ നടത്തി ലോകത്തിന്റെ വികാരം ഇന്ത്യയ്‌ക്കെതിരേ തിരിക്കാനുള്ള ശ്രമം ഊര്‍ജ്ജിതമായി തുടരുകയാണ് ഇവര്‍ ഇപ്പോള്‍.
ഇന്ത്യയുടെ പട്ടാളക്യാമ്പുകളില്‍ നിരപരാധികളായ കാഷ്മീരികളുടെ ദീനരോദനം മുഴങ്ങുന്നുവെന്നും വീടുകളില്‍ കയറി കാഷ്മീരികളെ പിടിച്ച് കൊണ്ടു പോയി ജനനേന്ദ്രിയത്തില്‍ വരെ ഇന്ത്യന്‍ സേന മുറിവേല്‍പ്പിക്കുന്നുവെന്നും ലോകത്തിന്റെ പിന്തുണ തേടാന്‍ ഇന്ത്യന്‍ സേന യുവാക്കളെ ക്രൂരമായി പീഡിപ്പിക്കുന്നുവെന്നുമാണ് കാഷ്മീരി വിഘടനവാദികള്‍ ആരോപിച്ചിരിക്കുന്നത്. എന്നാല്‍ ഇത്തരം ആരോപണങ്ങളെ ഇന്ത്യന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത്ത് ഡോവല്‍ പുച്ഛിച്ച് തള്ളിയിരിക്കുകയാണ്.
വെറും കേട്ടു കേള്‍വികളുടെ അടിസ്ഥാനത്തിലാണ് വിവിധ വിദേശ മാധ്യമങ്ങള്‍ കാഷ്മീരിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച വാര്‍ത്തകള്‍ പടച്ചു വിടുന്നത്. ഇത്തരം വാര്‍ത്തകള്‍ക്കൊന്നും തെളിവുകളും രേഖകളുമില്ലെന്നതാണ് യാഥാര്‍ത്ഥ്യം. കാശ്മീരിലെ സ്ഥിതിഗതികളെ കുറിച്ച് വാര്‍ത്തയെഴുതുമ്പോള്‍ കൃത്യമായ ഉറവിടങ്ങള്‍ വെളിപ്പെടുത്താതെ ‘ അവര്‍ പറഞ്ഞു…’ ‘ ഇവര്‍ പറഞ്ഞു…’ എന്നിങ്ങനെയുള്ള നിലപാടാണ് വിദേശ മാധ്യമങ്ങള്‍ പുലര്‍ത്തുന്നത്.ഇതിനാല്‍ ഇത്തരം വാര്‍ത്തകള്‍ പ്രചരിക്കുന്നതില്‍ ഒട്ടും ആശങ്കപ്പെടേണ്ടതില്ലെന്നാണ് ഇന്ത്യയുടെ ഔദ്യോഗിക നിലപാട്.
ഇന്ത്യന്‍ സൈന്യത്തില്‍ നിന്നു കടുത്ത പീഡനം നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് കാഷ്മീരിലെ രണ്ട് ഡസനോളം പേര്‍ ആരോപിച്ചിരിക്കുന്നത്. ഇന്ത്യന്‍ ആര്‍മി ക്യാമ്പുകളില്‍ നിന്നും ദീനരോദനങ്ങള്‍ രാത്രികളില്‍ കേള്‍ക്കാറുണ്ടെന്ന് കാശ്മീരിലെ ഹിപോറ ഗ്രാമത്തിലെ ചില വിഘടനവാദികള്‍ വിദേശമാധ്യമങ്ങളോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഓഗസ്റ്റ് അഞ്ചിന് കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെ തുടര്‍ന്ന് ഇവിടെ ഭീകരാവസ്ഥ സൃഷ്ടിച്ച് ഭയപ്പെടുത്തി തങ്ങളെ ഒതുക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നും വിഘടനവാദികള്‍ ആരോപിക്കുന്നു.
ഇന്ത്യന്‍ സേന ഷോപിയന്‍ ജില്ലയിലെ ഹിര്‍പോറ ഗ്രാമത്തിലുള്ള തന്റെ വീട്ടിലേക്ക് ഓഗസ്റ്റ് 14ന് വരുകയും തന്നെയും പഠനവൈകല്യമുള്ള സഹോദരനെയും കണ്ണ് കെട്ട് കെട്ടിക്കൊണ്ടു പോയി മര്‍ദിക്കുകയും ചെയ്തുവെന്നാണ് ഈ ഗ്രാമത്തിലെ 26കാരനായ അബിദ് ഖാന്‍ വെളിപ്പെടുത്തുന്നത്. റോഡില്‍ വച്ച് ഇന്ത്യന്‍ സേന തന്റെ സഹോദരന് ഇലക്ട്രിക് ഷോക്ക് നല്‍കിയെന്നും തന്നെ മര്‍ദിച്ചുവെന്നും അതിനുള്ള തെളിവകള്‍ കാണിച്ച് ഖാന്‍ ആരോപിക്കുന്നു.സഹോദരന്‍ വേദനയാല്‍ അലറിക്കരഞ്ഞിരുന്നുവെന്നും ഖാന്‍ വെളിപ്പെടുത്തുന്നു.ചൗഗാം ആര്‍മി ക്യാമ്പിന് സമീപത്ത് വച്ച് പട്ടാളക്കാര്‍ തന്നെ നഗ്നനാക്കി കൈലുകളും കൈകളും കെട്ടിയിട്ട് ദണ്ഡുകള്‍ കൊണ്ട് തന്നെ അടിച്ചുവെന്നും ഖാന്‍ ആരോപിക്കുന്നു.
ഇത്തരത്തില്‍ ഇന്ത്യന്‍ സേന തങ്ങള്‍ക്കെതിരെ പീഡനം നടത്തുന്നുവെന്ന് വെളിപ്പെടുത്തി നിരവധി കാഷ്മീര്‍ വിഘടനവാദികള്‍ വിദേശമാധ്യമങ്ങളിലൂടെ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ വിദേശമാധ്യങ്ങള്‍ പ്രചരിപ്പിക്കുന്നത് പോലെ ഇന്ത്യന്‍ സേന ഇവിടെ ഒരു മനുഷ്യത്വരഹിത പ്രവര്‍ത്തിയും പീഡനങ്ങളും നടത്തുന്നില്ലെന്നാണ് ഡോവല്‍ പ്രതികരിച്ചിരിക്കുന്നത്. ഇതേ നിലപാടാണ് ഈ പ്രശ്‌നത്തില്‍ കാഷ്മീരിലെ സൈനിക വക്താവായ കൊളോണല്‍ രാജേഷ് കാലിയയും പുലര്‍ത്തുന്നത്. കാഷ്മീരില്‍ നടക്കുന്ന ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഒരു തരത്തിലും സാധാരണക്കാരെ ബാധിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു.