മുംബൈ: മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ വീണ്ടും നാടകീയ നീക്കങ്ങള്‍. എന്‍സിപി നേതാവ് അജിത് പവാര്‍ പാര്‍ട്ടി വിട്ട് ഏക്നാഥ് ഷിന്‍ഡെ-ബിജെപി സര്‍ക്കാരിന്റെ ഭാഗമായി.
എന്‍സിപിയുടെ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് പ്രഫുല്‍ പട്ടേലും വിമത നിരയ്ക്കൊപ്പമാണ് എന്നതാണ് ശ്രദ്ധേയം.
13 എംഎല്‍എമാരുമായി എന്‍സിപി പിളര്‍ത്തി എത്തിയ അജിത് പവാറിന് ഉപമുഖ്യമന്ത്രി പദവി നല്‍കിയാണ് ബിജെപി സഖ്യസര്‍ക്കാര്‍ സ്വീകരിച്ചത്.
അജിത്തിനൊപ്പം എത്തിയ ഒന്‍പത് എംഎല്‍എമാര്‍ക്കും മന്ത്രി പദവിയും നല്കി. ഇവരെല്ലാം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുകയും ചെയ്തു.
അജിത്ത് പവാര്‍ കൂടി അധികാരമേറ്റതോടെ മഹാരാഷ്ട്രയില്‍ രണ്ട് ഉപമുഖ്യമന്ത്രിമാരായി. നിലവില്‍ ദേവേന്ദ്ര ഫഡ്നാവിസ് ഉപമുഖ്യമന്ത്രിയാണ്.
വളരെക്കാലമായി നടന്നിരുന്ന രാഷ്ട്രീയ നീക്കങ്ങള്‍ക്കൊടുവിലാണ് ഇന്ന് എന്‍സിപി പിളര്‍പ്പ് പൂര്‍ത്തിയായത്. രാവിലെ അജിത് പവാര്‍ തന്റെ പക്ഷത്തുള്ള എംഎല്‍എമാരുടെ യോഗം വിളിക്കുകയായിരുന്നു.
ശരത് പവാറിന്റെ മകളും പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്റുമായ സുപ്രിയ സുലേ നേരിട്ടെത്തി അജിത്തിനെ നീക്കത്തില്‍ നിന്ന് പിന്തിരിപ്പിക്കാന് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
പാര്‍ട്ടി നേതൃസ്ഥാനത്തേയ്ക്ക് സുപ്രിയ എത്തിയപ്പോള്‍ മുതല്‍ അജിത്ത് നേതൃത്വത്തോട് അകന്നിരുന്നു. പലപ്പോഴും അതൃപ്തി അദ്ദേഹം പരസ്യമാക്കുകയും ചെയ്തിരുന്നു. കാലങ്ങളായി പ്രതീക്ഷിച്ചിരുന്ന രാഷ്ട്രീയ മാറ്റത്തിനാണ് ഇന്ന് മറാത്ത മണ്ണ് സാക്ഷിയായത്.
എന്നാല്‍ എന്താണ് നടക്കുന്നതെന്ന് തനിക്ക് അറിവില്ലെന്നായിരുന്നു എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍.
എംഎല്‍എമാരുടെ അടിയന്തര യോഗം വിളിച്ചുചേര്‍ത്തതിന് ശേഷമാണ് അജിത് പവാര്‍ എന്‍ഡിഎ ക്യാമ്പിലെത്തിയതെന്ന മാധ്യമങ്ങളുടെ ചോദ്യത്തോടായിരുന്നു താന്‍ അറിഞ്ഞിരുന്നില്ലെന്ന് ശരദ് പവാര്‍ പറഞ്ഞത്.