മുംബൈ: ബിജെപി നാണംകെട്ടു തലകുനിക്കേണ്ടിവന്ന മഹാരാഷ്ട്ര നാടകത്തിന്റെ കഥ, തിരക്കഥ, സംവിധാനം എൻസിപി നേതാവ് അജിത് പവാറിന്റേത്. സംസ്ഥാനങ്ങളിൽ ഏതു കുതന്ത്രങ്ങളുപയോഗിച്ചും അധികാരം പിടിച്ചടക്കാനുള്ള ബിജെപിയുടെ അധികാരഭ്രമത്തെ അജിത് തന്ത്രപരമായി ഉപയോഗിച്ചെന്നുവേണം കരുതാൻ.
ബിജെപിയുടെ ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായി അജിത് പവാർ സത്യപ്രതിജ്ഞ ചെയ്തിരുന്നു. താമസിയാതെ അജിത് ഉൾപ്പെട്ട 70,000 കോടി രൂപയുടെ ജലസേചന അഴിമതിക്കേസുകളിൽ ഒന്പതെണ്ണം സംസ്ഥാന അഴിമതി വിരുദ്ധ ബ്യൂറോ(എസിബി) അവസാനിപ്പിച്ചു. ഉപമുഖ്യമന്ത്രിയായി അജിത് സത്യപ്രതിജ്ഞ ചെയ്ത് 48 മണിക്കൂറിനകമാണ് എസിബിയുടെ നടപടി.
എൻസിപിയുടെ കുതികാൽ വെട്ടി ബിജെപി പാളയത്തിലെത്തി നാടകം കളിച്ചത് അഴിമതിക്കേസ് പിൻവലിപ്പിക്കാനാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു. അതുകൊണ്ടുതന്നെയാവണം കളം തിരിയുന്നതിനു മുന്പ് കേസുകൾ ബിജെപിയെക്കൊണ്ട് പിൻവലിപ്പിക്കാൻ പ്രേരിപ്പിച്ചത്. മഹാരാഷ്ട്രയെ പിടിച്ചുകുലുക്കിയ അഴിമതിക്കേസ് പവാറിനെ സംബന്ധിച്ച് അത്ര നിസാരമായിരുന്നില്ല.
ശിവസേനയ്ക്കൊപ്പം അധികാരം പങ്കിടുകയും സർക്കാർ രൂപീകരിക്കുകയും ചെയ്താൽ ദിവസങ്ങൾക്കകം അജിതിന്റെ അറസ്റ്റ് ഉൾപ്പെടെ ഉണ്ടാകാനിടയുണ്ട്. ശിവസേനയോടും എൻസിപിയോടും പ്രത്യേകിച്ച് അജിതിനോടുമുള്ള പക തീർക്കാൻ ബിജെപി ഒട്ടും വൈകില്ലെന്ന് അജിതിന് അറിയാം. തന്ത്രപരമായി കളിച്ചതിനാൽ ബിജെപിയുടെ ഫഡ്നാവിസ് സർക്കാരിനെ അട്ടിമറിച്ചത് അജിതാണെന്നു പറയാനും വയ്യാത്ത സ്ഥിതിയിലാണ് ബിജെപി. എൻസിപി തലവൻ ശരത് പവാർ അറിയാതെയാണ് അജിത് ഈ കളിയെല്ലാം കളിച്ചതെന്ന് കരുതാനും നിവൃത്തിയില്ല.
എല്ലാം കഴിഞ്ഞ് അജിത് ഭാവി സുരക്ഷിതമാക്കി എൻസിപി പാളയത്തിൽ തിരിച്ചുകയറുകയും ചെയ്തിരിക്കുന്നു. ഇതിനുള്ള തിരിച്ചടി ബിജെപി എങ്ങനെ നല്കുമെന്ന് താമസിയാതെ അറിയാം. എൻസിപി-കോൺഗ്രസ്-ശിവസേന മുന്നണിയിൽ അന്തഛിദ്രം ഉണ്ടായില്ലെങ്കിൽ ബിജെപി രംഗത്തിറങ്ങുമെന്നുതന്നെ കരുതണം.
അതേസമയം, മൂവായിരത്തോളം ടെൻഡറുകളെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ടെന്നും അന്വേഷണം അവസാനിപ്പിച്ച കേസുകളുമായി അജിത്തിനു ബന്ധമില്ലെന്നുമാണ് എസിബിയുടെ വാദം. കേസുകൾ സോപാധികമായാണ് അവസാനിപ്പിച്ചതെന്നും സംസ്ഥാനത്തിനോ കോടതിക്കോ വീണ്ടും അന്വേഷണം നടത്താവുന്നതാണെന്നും എസിബി ഡയറക്ടർ ജനറൽ പരംബീർ സിംഗ് പറയുന്നു. എന്നാൽ, അജിത് പവാറിനെ കേസിൽനിന്നു രക്ഷപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഒന്പത് കേസുകൾ അവസാനിപ്പിച്ചതെന്നാണു വിലയിരുത്തൽ.
അന്വേഷണം അവസാനിപ്പിച്ചുകൊണ്ടുള്ള റിപ്പോർട്ട് ബോംബെ ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ചിൽ മഹാരാഷ്ട്ര ആന്റികറപ്ഷൻ ബ്യൂറോ സമർപ്പിച്ചു. വിദർഭ മേഖലയിലെ വരൾച്ച തടയാൻ ഡാമുകളും ചെക്കുഡാമുകളും നിർമിച്ച പദ്ധതിയിലാണ് വ്യാപക അഴിമതി അരങ്ങേറിയത്.
1999 മുതൽ 2014 വരെ അജിത് പവാർ ഉൾപ്പെടെയുള്ള എൻസിപി നേതാക്കൾ ജലസേചന മന്ത്രിയായിരുന്ന കാലത്താണ് അഴിമതി നടന്നത്. വിദർഭ ഇറിഗേഷൻ ഡെവലപ്മെന്റ് കോർപറേഷൻ(വിഐഡിസി) ചെയർമാനായിരുന്നു അജിത് പവാർ. വിദർഭ ആൻഡ് കൊങ്കൺ ഇറിഗേഷൻ ഡെവലപ്മെന്റ് കോർപറേഷനാണ് പദ്ധതികളുടെ നിർമാണം നടത്തിയത്. ബിജെപിക്കു പിന്തുണ നല്കിയതിന്റെ പേരിലാണ് അജിത് പവാറിനെ കുറ്റവിമുക്തനാക്കിയതെന്ന് കോൺഗ്രസ് അന്നുതന്നെ ആരോപിച്ചിരുന്നു.
അജിത് പവാർ ഉൾപ്പെടെയുള്ളവരുമായി ബന്ധപ്പെട്ട് എസിബി 20 എഫ്ഐആർ ഫയൽ ചെയ്തിരുന്നു. അവ ഒന്നും പിൻവലിച്ചിട്ടില്ലെന്ന് എസിബി വാദിക്കുന്നു. കർഷകരും സന്നദ്ധ സംഘടനകളും മറ്റും സമർപ്പിച്ച പരാതികളിലാണത്രെ അന്വേഷണം അവസാനിപ്പിച്ചത്. എഫ്ഐആർ ഫയൽ ചെയ്തവയിൽ കോടതിയിൽ അപേക്ഷ സമർപ്പിച്ചുമാത്രമേ കേസ് അവസാനിപ്പിക്കാനാവൂ എന്നും എസിബി ചൂണ്ടിക്കാട്ടുന്നു.