തമിഴ് സൂപ്പർതാരം അജിത്തിന് ചിത്രീകരണത്തിനിടെ പരുക്കേറ്റു. വിവേഗം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് അപകടം. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ താരത്തിന്റെ തോളിനാണ് പരുക്കേറ്റത്. അപകടകരമായ സംഘട്ടനരംഗത്ത് ഡ്യൂപ്പിനെ ഉപയോഗിക്കാൻ അണിയറ പ്രവർത്തകർ നിർബന്ധിച്ചെങ്കിലും അജിത്ത് ഇത് നിരസിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
വിവേഗത്തിന്റെ അവസാനഘട്ട ചിത്രീകരണം യൂറോപ്പിൽ പുരോഗമിച്ചുകൊണ്ടിരിക്കെയായിരുന്നു അപകടം. ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കാജൽ അഗർവാൾ, അക്ഷര ഹാസൻ, വിവേക് ഒബ്റോയി തുടങ്ങിവരും അഭിനയിക്കുന്നുണ്ട്.താരത്തിന് പ്രാഥമിക ചികിത്സ നൽകിയ ശേഷം ഡോക്ടർമാർ വിശ്രമം നിർദേശിച്ചു.
പരുക്ക് സംബന്ധിച്ച് വാർത്ത പുറത്തു വിടരുതെന്ന് അജിത് നിർദ്ദേശിച്ചിരുന്നെങ്കിലും യൂണിറ്റിൽ നിന്നു തന്നെയാണ് അപകട വാർത്ത പുറത്തു വന്നത്. നേരത്തെയും ചിത്രീകരണത്തിനിടെ അജിത്തിന് പരുക്കേറ്റിട്ടുണ്ട്. വേതാളം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ പരുക്കേറ്റ അജിത്തിന് എട്ടു മാസത്തോളം വിശ്രമിക്കേണ്ടി വന്നിരുന്നു.