വെണ്ണിലാ കബഡി കുഴു, അഴഗർസാമിയിൻ കുതിരൈ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് സുശീന്തിരൻ. സുശീന്തിരന്റെ സോഷ്യൽ മീഡിയ പോസ്റ്റാണ് ഇപ്പോൾ തമിഴകത്തെ ചർച്ചാ വിഷയം. തല എന്ന് ആരാധകർ വിളിക്കുന്ന തമിഴ് സൂപ്പർതാരം അജിത്ത് രാഷ്ട്രീയത്തിലിറങ്ങണമെന്നാണ് സുശീന്തിരന്റെ ആവശ്യം. മാത്രമല്ല ഇപ്പോൾ തന്നെ രാഷ്ട്രീയത്തിലിറങ്ങണമെന്നും ഇതാണ് പറ്റിയ സമയമെന്നും സുശീന്തിരൻ പറയുന്നു.
അജിത്തിന് മാത്രമേ തമിഴ്നാട്ടിലെ ദ്രവീഡിയൻ രാഷ്ട്രീയത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാൻ സാധിക്കുകയുള്ളൂ എന്നാണ് സുശീന്തിരൻ പറയുന്നത്. ഇപ്പോഴാണ് അജിത്തിന്റെ രാഷ്ട്രീയപ്രവേശനത്തിന് നൂറുശതമാനം അനുയോജ്യമായ സമയമെന്നും സുശീന്തിരൻ പറയുന്നു.
വ്യത്യസ്ത അഭിപ്രായങ്ങളാണ് സുശീന്തിരന്റെ പോസ്റ്റിനു ലഭിക്കുന്നത്. രാഷ്ട്രീയത്തിൽ ഇറങ്ങാതെ അഭിനേതാവായി തുടരുന്നതാണ് നല്ലതെന്നാണ് അജിത്തിന്റെ ആരാധകരിൽ പലരുടേയും അഭിപ്രായം. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ അജിത്ത് ചിത്രം വിശ്വാസം വൻ വിജയമായിരുന്നു. രജനീകാന്തിന്റെ പേട്ടയ്ക്കൊപ്പം റിലീസ് ചെയ്തിട്ടും വിശ്വാസം 200 കോടിയിലധികം നേടിയിരുന്നു.