ലേഡി സൂപ്പർസ്റ്റാർ നയൻതാര ഒരു സിനിമ തെരഞ്ഞെടുക്കുന്പോൾ പല നിബന്ധനകളും മുന്നോട്ടു വയ്ക്കാറുണ്ട്. അണിയറ പ്രവർത്തകർക്ക് ചിലപ്പോൾ നയൻസിന്റെ നിബന്ധനകൾ തലവേദനയും ആകാറുണ്ട്. എങ്കിലും നയൻസിന്റെ അഭിനയമികവ് കൊണ്ട് പലരും കണ്ണടയ്ക്കും.
ഇപ്പോഴിതാ നയൻതാര ഒരു നിബന്ധനയും വയ്ക്കാതെ അജിത്തിന്റെ നായികയാകുന്നു. ചിത്രത്തിന്റെ കഥ പറഞ്ഞു തീർന്നില്ല, അപ്പോഴേക്കും നയൻസ് സമ്മതം മൂളി. തല അജിത്താണ് ചിത്രത്തിലെ നായകൻ എന്നതു കൊണ്ടു മാത്രം. ഒന്നും നോക്കാതെ സമ്മതം മൂളുകയായിരുന്നു.
സ്ത്രീ പ്രാധാന്യമുളള സിനിമകളാണ് പൊതുവെ നയൻതാര തെരഞ്ഞെടുക്കാറുള്ളത്. എന്നാൽ, ഈ ചിത്രത്തിൽ അത്തരം നിബന്ധനകളൊന്നും നയൻതാരയ്ക്കില്ല. വിശ്വാസം എന്നാണ് ചിത്രത്തിന്റെ പേര്. അണിയറ പ്രവർത്തകർ നയൻതാരയെ സമീപിച്ചപ്പോൾ കഥയെക്കുറിച്ചോ തന്റെ കഥാപാത്രത്തെക്കുറിച്ചോ നയൻതാര ചോദിച്ചില്ല.
അജിത്താണ് ചിത്രത്തിലെ നായകൻ എന്നറിഞ്ഞതു കൊണ്ടുമാത്രം. പ്രതിഫലവുമായി ബന്ധപ്പെട്ട കാര്യത്തെക്കുറിച്ചും നയൻതാര ചർച്ചയ്ക്ക് തയ്യാറായില്ല. മാത്രമല്ല വിശ്വാസം സിനിമയ്ക്കുവേണ്ടി തന്റെ മറ്റു സിനിമകളുടെ ഡേറ്റ് അജ്ഡസ്റ്റ് ചെയ്യാനും നയൻതാര തയ്യാറായെന്നാണ് വിവരം.
അജിത്തിനോടുളള ബഹുമാനം മൂലമാണ് കഥ പോലും കേൾക്കാതെ നയൻതാര സിനിമ ചെയ്യാൻ തയാറായതെന്നാണ് വിശ്വാസം ടീം കരുതുന്നത്. ഇതിനു മുൻപ് ബില്ല, ആരംഭം, അയേഗൻ എന്നീ സിനിമകളിൽ അജിത്തും നയൻതാരയും ഒന്നിച്ചിട്ടുണ്ട്.
ഇരുവരും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് വിശ്വാസം. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. രണ്ടു ഗെറ്റപ്പിലാണ് അജിത് ചിത്രത്തിൽ എത്തുന്നത്. ദീപാവലിക്ക് ചിത്രം തിയറ്ററുകളിലെത്തും.