മുംബൈ: അജിത് പവാര്‍ കൂടി ഉള്‍പ്പെട്ട എഴുപതിനായിരം കോടിയുടെ ജലസേചന അഴിമതി കേസുകളില്‍ ഒമ്പതെണ്ണം അവസാനിപ്പിച്ച് അഴിമതി വിരുദ്ധ ബ്യൂറോ (എസിബി). അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് രണ്ടു ദിവസത്തിനകമാണ് കേസുകൾ എഴുതിത്തളളിയത്. ബോംബെ ഹൈക്കോടതിയിൽ ആന്റി കറപ്ഷൻ ബ്യൂറോ റിപ്പോർട്ട് സമർപ്പിച്ചു. ഒമ്പതു കേസുകളിൽ അജിത് പവാറിനെതിരെ തെളിവുകൾ ഇല്ലെന്ന് അന്വേഷണ സംഘം അറിയിച്ചു.
1999 മുതൽ 2014 വരെയുള്ള കാലത്തെ അഴിമതിയാണ് അവസാനിപ്പിച്ചത്. കേസുകൾ എഴുതി തള്ളിയതിന് രാഷ്ട്രീയ സംഭവവികാസങ്ങളുമായി ബന്ധമില്ലെന്ന് എസിബി ഡയറക്ടർ ജനറൽ പരംവീർ സിംഗ് വ്യക്തമാക്കി. മൂവായിരത്തോളം ടെന്‍ഡറുകളെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്. അവസാനിപ്പിച്ച കേസുകളില്‍ അജിത് പവാറുമായി ബന്ധപ്പെട്ട കേസുകള്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അജിത് പവാറിന്റെ പിന്തുണയോടെ ബിജെപി മന്ത്രിസഭ അധികാരത്തില്‍ ഏറിയതിനു 48 മണിക്കൂർ പിന്നിടുമ്പോൾ അഴിമതി കേസുകളിൽ അന്വേഷണം അവസാനിപ്പിച്ചത് വൻ വിവാദമാണ് സൃഷ്ടിക്കുന്നത്. ബിജെപിയെ പിന്തുണച്ചതിനുള്ള ഉപകാര സ്മരണയായാണ് കേസുകൾ എഴുതി തള്ളിയതെന്ന് ശിവസേനയും കോൺഗ്രസും ആരോപിച്ചു. ദേശീയ അധ്യക്ഷൻ അമിത് ഷായും ദേവേന്ദ്ര ഫഡ്നാവിസും അടക്കമുള്ളവർ നിയമസഭാ തെരഞ്ഞെടുപ്പ് റാലികളിൽ അഴിമതി ഉയര്‍ത്തിക്കാട്ടി വന്‍ പ്രചാരണം നടത്തിയിരുന്നു.
1999 മുതല്‍ 2014 വരെ കോൺഗ്രസ്-എൻസിപി മന്ത്രിസഭയിൽ പല കാലയളവുകളിലായി ജലസേചന വകുപ്പ് മന്ത്രിയായിരുന്നു അജിത് പവാർ. ചട്ടവിരുദ്ധമായി 20,000 കോടിയുടെ 38 പദ്ധതികൾക്ക് അംഗീകാരം നൽകിയെന്നായിരുന്നു അജിത് പവാറിനെതിരെ ഉയർന്ന ആരോപണം. എഴുപതിനായിരം കോടി രൂപ മേഖലയിൽ ചെലവഴിച്ചെങ്കിലും 0.1 ശതമാനം വളർച്ചമാത്രമാണ് ഉണ്ടായതെന്നുമാണ് ബിജെപി ആരോപിച്ചത്.
ജനങ്ങള്‍ക്കു ഗുണമില്ലാത്ത വിധം പദ്ധതിനിര്‍വഹണം നടത്തിയത് ഗുരതരമായ വീഴ്ചയാണെന്നും കരാറുകാര്‍ക്ക് ലാഭമുണ്ടാക്കാൻ ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നെന്നും എസിബി കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഇപ്പോൾ മതിയായ തെളിവുകളില്ലെന്ന് പറഞ്ഞ് അജിത് പവാറിന് ക്ലീൻ ചിറ്റ് നൽകിയിരിക്കുകയാണ് അഴിമതി വിരുദ്ധ ബ്യൂറോ.