കൊച്ചി: ആവേശപ്പോരിൽ കാലിക്കട്ട് വീണ്ടും ഹീറോസ്. പ്രൊ വോളി ലീഗിൽ യു മുംബയെ രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്ക് തോപ്പിച്ച് കാലിക്കട്ട് ഹീറോസ് രണ്ടാം ജയം നേടി. ആദ്യ നാല് സെറ്റുകൾ ഇരു ടീമുകളും രണ്ട് വീതം ജയം സ്വന്തമാക്കിയപ്പോൾ അവസാന സെറ്റ് അത്യന്തം ആവേശമായി.
സൂപ്പർ സെർവിലൂടെ രണ്ട് പോയിന്റ് സ്വന്തമാക്കി അവസാന സെറ്റിൽ കുതിപ്പ് തുടങ്ങിയ കാലിക്കട്ടിന് ഒരുഘട്ടത്തിൽപ്പോലും വെല്ലുവിളി ഉയർത്താൻ മുംബയ്ക്കായില്ല. ഒടുവിൽ കളിയിലുടനീളം ആധിപത്യം പുലർത്തിയ കാലിക്കട്ട് വെന്നിക്കൊടി പാറിച്ചു. മുംബയുടെ സക്വിലിനാണ് കളിയിലെ താരം. സ്കോർ: 15-10, 12-15, 15-13, 14-15, 15-9.
മലയാളി താരം അജിത്ലാൽ ആയിരുന്നു ഇന്നലെയും കാലിക്കട്ടിന്റെ വിജയത്തിന് ചുക്കാൻ പിടിച്ചത്. അഞ്ച് സെറ്റുകളിൽ നിന്നായി അജിത് 16 പോയിന്റാണ് നേടിയത്. ഇരുടീമുകളും ഒന്നിലധികം സെർവുകൾ പാഴാക്കിയ ആദ്യ സെറ്റിൽ ഒന്പത് സ്പൈക്ക് പോയിന്റുകളാണ് കാലിക്കട്ട് സ്വന്തമാക്കിയത്. കാലിക്കട്ട് വിളിച്ച സൂപ്പർ പോയിന്റ മുതലാക്കാൻ കഴിയാതിരുന്ന മുംബയുടെ കോർട്ടിൽ സ്മാഷുകൾ ഇടവേളകളില്ലാതെ വീണുകൊണ്ടിരുന്നു.
അതേസമയം, പ്രതിരോധത്തിലും ആക്രമണത്തിലുമൂന്നിയ കളിയാണ് കാലിക്കട്ടിന് ആദ്യ സെറ്റ് സമ്മാനിച്ചത്. പോയിന്റുകൾ ചാഞ്ചാടിയ ആദ്യ സെറ്റിൽ 10-8 ന് പിന്നിൽ നിന്ന ശേഷം ക്യാപ്റ്റൻ ജെറോമിലൂടെയാണ് കാലിക്കട്ട് മുന്നിലെത്തിയത്. നിർണായക നിമിഷങ്ങളിൽ അജിത്ലാന്റെ സ്മാഷുകൾ ഹീറോസിനെ ആദ്യ സെറ്റിൽ വിജയികളാക്കി. സ്കോർ: 15-10.
അറ്റാക്കർമാർ ഗതി നിർണയിച്ച നാലാം സെറ്റിൽ ദിപേഷ് കുമാർ സിൻഹയും ശുബാം ചൗധരിയും തിളങ്ങിയതോടെ മുംബ വിറച്ചാണ് ജയിച്ചത്. സ്കോർ 15-14. ജീവൻമരണ പോരാട്ടം നടന്ന അവസാന സെറ്റിൽ കാലിക്കട്ട് നായകൻ ജെറോമിന്റെ മിന്നുന്ന പ്രകടനമാണ് ഹീറോസിന് ലീഗിലെ രണ്ടാം ജയം സമ്മാനിച്ചത്. എട്ട് പോയിന്റാണ് അവസാന സെറ്റിൽ ജെറോം ടീമിനായി നേടിയത്.
ജെറി എം. തോമസ്